
കോഴിക്കോട്: കോർപ്പറേഷനിൽപ്പെട്ട കുണ്ടൂപ്പറമ്പിലേക്കും അവിടെ നിന്നു സിറ്റിയിലേക്കുമുള്ള ബസ്സുകൾ അതിരാവിലെയും വൈകിട്ട് ഏഴു മണിക്കുശേഷവും ടിപ്പുകൾ റദ്ദാക്കുന്നതുകാരണം നാട്ടുകാർ വളരെയധികം കഷ്ടപ്പെടുന്നു. കുണ്ടുപറമ്പിൽ നിന്നും തൊട്ടടുത്ത പ്രദേശങ്ങളായ മൊകവൂർ, പറമ്പത്ത്, മാവിളിക്കടവ് എന്നിവിടങ്ങളിൽ നിന്നും സിറ്റിസ്റ്റാന്റ്, പയ്യാനക്കൽ, തിരുവണ്ണൂർ, മീഞ്ചന്ത, മാങ്കാവ്, മെഡിക്കൽ കോളേജ് തുടങ്ങിയ പ്രദേശങ്ങളിലേക്കു മുപ്പതോളം ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്.
Read also: കോഴിക്കോടും കണ്ണൂരും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; വലഞ്ഞ് വിദ്യാർത്ഥികളും നാട്ടുകാരും
കുണ്ടൂപ്പറമ്പിൽ നിന്നു ഒട്ടേറെയാളുകൾ രാവിലത്തെ ട്രെയിനുകളെ ആശ്രയിച്ചു ദൂരസ്ഥലങ്ങളിലേക്കു ജോലിക്കു പോകുന്നുണ്ട്. രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെടേണ്ട യാത്രക്കാർ ആശ്രയിക്കുന്ന പറമ്പത്തുനിന്നുള്ള ബസ് ഏറെക്കാലമായി മുടങ്ങിക്കിടക്കുകയാണ്. അതുപോലെ, സിറ്റിയിൽ നിന്നു രാവിലെ ആറിനും ആറരയ്ക്കുമിടയിൽ കുണ്ടൂപ്പറമ്പിലേക്കു സർവീസ് നടത്തേണ്ട ബസ്സുകളും ട്രിപ്പുകൾ മുടക്കുന്നു. ജനശതാബ്ദി എക്സ്പ്രസ്, എക്സിക്യൂട്ടീവ് എക്സ്പ്രസ്, തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് എന്നിവയിൽ ജോലിക്കായും പഠിക്കാനായും നിത്യേന യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും, സ്ത്രീകളും അടക്കമുള്ള യാത്രക്കാർ പതിവായി യാത്രാക്ലേശം അനുഭവിക്കുകയാണ്. ബസ്സുകൾ രാത്രി ട്രിപ്പുകൾ മുടക്കുന്നതു പതിവായതിനാൽ ജനങ്ങൾ അമിത ചാർജ് കൊടുത്താണു യാത്ര ചെയ്യുന്നത്.
യാത്രക്കാർ കുറവായതിനാലാണു രാത്രിയിലെ ട്രിപ്പ് മുടക്കുന്നതെന്ന മുടന്തൻ ന്യായമാണു ബസ്സുകാർ പറയുന്നത്. അതിരാവിലെയും രാത്രിയുമുൾപ്പെടെ എല്ലാ സർവീസും നടത്താനാണല്ലോ മോട്ടോർ വാഹനവകുപ്പ് ബസ്സുകൾക്കു പെർമിറ്റ് അനുവദിക്കുന്നത്. എന്നിട്ടും, നിയമത്തെ നോക്കുകുത്തിയാക്കി ബസ്സുകൾ പകലും രാത്രിയും ട്രിപ്പുകൾ കട്ട് ചെയ്യുകയാണ്. ഇങ്ങനെ ട്രിപ്പ് മുടക്കുന്ന ബസ്സുകൾ കുണ്ടുപറമ്പ് റോഡരികിൽ നിർത്തിയിടുന്നതു കാണാം. പകൽ വരിവരിയായി ട്രിപ്പു മുടക്കത്തെക്കുറിച്ചു മോട്ടോർ വാഹനവകുപ്പിനും പോലീസിനും ഉപഭോക്തൃസംരക്ഷണസമിതി യൂണിറ്റ് പല തവണ പരാതികൾ കൊടുത്തിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. റൂട്ടിൽ ഒരു കെ.എസ്.ആർ.ടി.സി. ബല്ലെങ്കിലും അനുവദിക്കണമെന്ന മുറവിളിക്കും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. ഞായറാഴ്ചകളിലടക്കം കുണ്ടൂപ്പറമ്പിലേക്കും സിറ്റിയിലേക്കുമുള്ള ബസ്സുകൾ പകലും രാത്രിയും ട്രിപ്പ് കട്ട് ചെയ്യുന്നത് അവസാനിപ്പിക്കാൻ അധികൃതർ കർശന നടപടികൾ കൈക്കൊള്ളണമെന്നു ഉപഭോക്തൃ സംരക്ഷണ സമിതി അഭ്യർത്ഥിച്ചു .
Buses to Kunduparam should stop canceling trips- Consumer Protection Committee Kunduparam