
ചെന്നൈ: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എപ്പോൾ വരുമെന്നതിൽ ആശയക്കുഴപ്പം. ദക്ഷിണ റെയിൽവേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് റേക്ക് , ഇതുവരെയും ചെന്നൈ വിട്ടിട്ടില്ല. ബേസിൻ ബ്രിഡ്ജിലെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരിക്കുകയാണ് ട്രെയിൻ. അതിനിടെ ട്രെയിൻ ഗോവയിലേക്ക് കൊണ്ടുപോവാൻ നീക്കം നടക്കുന്നതായും വിവരമുണ്ട്.
script>
Read also: വന്ദേഭാരത് 5 മണിക്കൂർ 56 മിനിറ്റിൽ കോഴിക്കോട്ട്; ആദ്യ യാത്രയേക്കാൾ 12 മിനിറ്റ് കുറവ്
ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു ആദ്യത്തെ അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയിൽവേക്ക് കൈമാറാനുള്ള തീരുമാനം പ്രതീക്ഷ കൂട്ടി. ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് വെള്ളിയാഴ്ത രാത്രി എട്ടേമുക്കാലിന് റേക്ക് പുറപ്പെട്ടപ്പോൾ ലക്ഷ്യം മംഗലാപുരം എന്നായി പ്രചാരണം. എന്നാൽ ഐസിഎഫിന് പുറത്തുകടന്നിട്ടും വന്ദേഭാരത് ഇതുവരെ മംഗലാപുരത്ത് എത്തിയിട്ടില്ല.
ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയെങ്കിലും ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം വരാത്തതിനാലാണ് ട്രെയിൻ നീങ്ങാത്തതെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു. പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി തീയതി നൽകാത്തതും കാരണമെന്നാണ് വിവരം. മംഗലാപുരം – എറണാകുളം റൂട്ടിൽ സർവ്വീസിന് തയ്യാറെടുക്കാൻ പാലക്കാട് ഡിവിഷന് നിർദേശം ലഭിച്ചിരുന്നെങ്കിലും ഗോവയിലേക്ക് ട്രെയിൻ കൊണ്ടുപോകാനും ചരടുവലികളുണ്ട്. അതിനാൽ ഡിസൈൻ മാറ്റം വരുത്തിയ ആദ്യ വന്ദേ ഭാരത് ട്രെയിൻ തന്നെ കേരളത്തിന് കിട്ടുമോയെന്നറിയാൻ കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടിവരും.
2nd Vande Bharat express for Kerala announcement delayed