
മലപ്പുറം: മരണ വീട്ടിലേക്ക് പോവുകയായിരുന്ന നാലംഗ സംഘം സഞ്ചരിച്ച കാറിന് തീപിടിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പുക ഉയരുന്നതു കണ്ട് കാറിലുണ്ടായിരുന്നവർ വാഹനം നിർത്തി ചാടിയിറങ്ങുകയായിരുന്നു. തിരൂർ – ചമ്രവട്ടം റോഡിൽ ആലിങ്ങലിലാണ് സംഭവം.
തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. എറണാകുളത്തെ മരണ വീട്ടിലേക്ക് പോകുകയായിരുന്ന നാല് പേരാണ് കാറിലുണ്ടായിരുന്നത്. എൻജിൻ ഭാഗത്തുനിന്ന് ആദ്യം പുക ഉയര്‍ന്നു. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. യാത്രക്കാര്‍ ഉടനെ ചാടിയിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി.
തിരൂരിൽ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. അപകടത്തെ തുടർന്ന് ചമ്രവട്ടം റോഡിൽ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ അശോകൻ, സേനാംഗങ്ങളായ സി മനോജ്, പി പി അബ്ദുൽ മനാഫ്, കെ പ്രവീൺ, സുജിത്ത് സുരേന്ദ്രൻ, കെ ടി നൗഫൽ, കെ കെ സന്ദീപ്, വി ഗിരീഷ്‌കുമാർ എന്നിവർ തീയണയ്ക്കാൻ നേതൃത്വം നൽകി. തലപ്പാറ വെളിമുക്ക് പാലത്തുപടി വീട്ടിൽ സന്ധ്യയുടെ ഉടമസ്ഥതയിലുള്ള 2019 മോഡൽ കാറാണ് കത്തിനശിച്ചത്.
moving car catches fire in malappuram