മലബാറിലെ മുഴുവൻ അഗ്നിശമന സേനകൾക്കും സ്ഥലത്തെത്താൻ നിർദേശം നൽകി: ഫയർ ഫോഴ്സ് ഡിജിപി

കോഴിക്കോട് : കോഴിക്കോട്ടെ നഗര മധ്യത്തിലുണ്ടായ തീയണയ്ക്കാനായി മലബാറിലെ മുഴുവൻ അഗ്നി ശമന സേനകളോടും കോഴിക്കോട് എത്താൻ നിർദേശം നൽകിയെന്ന് ഫയർ ഫോഴ്സ് ഡിജിപി യോഗേഷ് ഗുപ്ത. തീ ആളിക്കത്തുന്ന സാഹചര്യത്തിൽ കെട്ടിടത്തിനുള്ളിലേക്ക് കടന്ന് ചെല്ലാൻ സേനക്ക് പ്രയാസങ്ങളുണ്ട്. ഇതാണ് തീയണയ്ക്കുന്നതിൽ കാല താമസം വരുന്നതിന് കാരണമെന്നും ഫയർ ഫോഴ്സ് ഡിജിപി വിശദീകരിക്കുന്നു.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം 3 മണിക്കൂറിന് ശേഷവും നിയന്ത്രണവിധേയമാക്കാനായില്ല. വൈകിട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. ഇപ്പോഴും തീ ആളിപ്പടരുകയാണ്. കെട്ടിടങ്ങളുടെ മേൽക്കൂരയും ജനൽ ചില്ലുകളും ജെസിബി ഉപയോഗിച്ച് തകർത്ത് അകത്തേക്ക് വെള്ളമൊഴിക്കാനാണ് അഗ്നി ശമന സേന ശ്രമിക്കുന്നത്.
3 മണിക്കൂറുകളോളം തീ പടർന്നതോടെ നഗരമെങ്ങും കറുത്ത പുക പടർന്നു. കെട്ടിടത്തിന്റെ കൂടുതൽ നിലകളിലേക്ക് തീ പടരുന്നത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. വസ്ത്ര ഗോഡൌണുകളിലേക്ക് തീ പടർന്നതോടെ കത്തിപ്പടരുകയായിരുന്നു. കാലിക്കറ്റ് ടെക്റ്റൈൽസ് പൂർണമായും കത്തി നശിച്ചു.
കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചു. ആദ്യം തീപിടിച്ച മെഡിക്കൽ സ്റ്റോറിൽ നിന്ന് കൂടുതൽ കടകളിലേക്ക് തീ പടർന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. സ്റ്റാൻഡിൽ നിന്ന് ബസുകൾ എല്ലാം മാറ്റി. ആദ്യ സമയത്ത് തന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമില്ലെന്നത് ആശ്വാസകരമാണ്.