കോഴിക്കോട് : ചേളന്നൂർ പോഴിക്കാവിൽ ദേശീയ പാതയ്ക്കായി കുന്നിടിച്ചു മണ്ണെടുപ്പ് നടത്തുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധമാർച്ച്. കനത്ത പോലീസ് കാവലിൽ മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്തേക്കാണ് പ്രതിഷേധ മാർച്ച് നടത്തുന്നത്. പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റം നടന്നു. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ഫിൽ ചെയ്യാനുള്ള മണ്ണെടുക്കാനാണ് കരാർ കമ്പനി പ്രവർത്തി നടത്തുന്നത്. രണ്ട് മാസം മുൻപ് തന്നെ ഇതെച്ചൊല്ലി വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. നാട്ടുകാർ കോടതിയെയും സമീപിച്ചിരുന്നു. ഇതിനു ശേഷം ജിയോളജി ഡിപ്പാർട്മെന്റ് നടത്തിയ സർവ്വേയിൽ മണ്ണെടുപ്പ് അശാസ്ത്രീയമാണെന്ന് അറിയിച്ചു.
എന്നാൽ ഇതിനെതിരെ നടപടികൾ ഒന്നും സ്വീകരിച്ചില്ല എന്നാരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ഇടമായതു കൊണ്ട് ഇത് നാട്ടുകാരെ ബാധിക്കുമെന്നും നാട്ടുകാർ പറയുന്നു. ഇതിനെതിരെ ഇന്ന് നാട്ടുകാർ സംഘടിച്ചെത്തി ലോറി തടയുകയാണ് ചെയ്തത്. കൂടുതല്ഡ പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ത്രീകളടക്കം നിരവധി നാട്ടുകാരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. ലോറി കയറ്റി വിടില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ.
Locals protest for Excavation of hill for national highway development in Chelannur