നീലഗിരി: തമിഴ്‌നാട്ടിലെ നീലഗിരി മേഖലയില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മെയ് 20 വരെ ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്. ഊട്ടി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കലക്ടര്‍ എം അരുണ അറിയിച്ചു.
മെയ് 18, 19, 20 തിയ്യതികളില്‍ 6 സെന്റീമീറ്റര്‍ മുതല്‍ 20 സെന്റീമീറ്റര്‍ വരെ അതിശക്തമായ മഴ പെയ്യുമെന്നതിനാല്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ മുന്നൊരുക്കം സംബന്ധിച്ച് റവന്യൂ, പോലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പ് ഉദ്യോഗസ്ഥരുമായി കലക്ടര്‍ ചര്‍ച്ച നടത്തി. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും സജ്ജമാണെന്നും അവര്‍ പറഞ്ഞു. 3500 ഓളം ദുരന്ത നിവാരണ സേനാംഗങ്ങളും മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ ആവശ്യമായ ഉപകരണങ്ങളും സജ്ജരാക്കിയിട്ടുണ്ട്. 450 ഓളം താല്‍ക്കാലിക ഷെല്‍ട്ടറുകളും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ആളുകളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടതായും കലക്ടര്‍ അറിയിച്ചു.