![](https://i0.wp.com/blogger.googleusercontent.com/img/b/R29vZ2xl/AVvXsEheJVSTGzyG0RgQPJ9M6ZVDWQe5nP9jIrqKm_WyhNvHo8_aob_XfXJZi6cBE-wPUkLnl4j_xmgHXO9NL98o5NgT4dI1yOFXHchzHK0kL-jPlnxCrBD6O5qVVNWmx9cFJgnl-D9mAQzQ3Aur33EtlqxAPrCGABI5skZF0Y0ZIBIAZSMQuEbzYSm0n3Pg/s1600/24%2520vartha%252016x9_091516%2520%252840%2529.webp?w=1200&ssl=1)
![](https://i0.wp.com/blogger.googleusercontent.com/img/b/R29vZ2xl/AVvXsEheJVSTGzyG0RgQPJ9M6ZVDWQe5nP9jIrqKm_WyhNvHo8_aob_XfXJZi6cBE-wPUkLnl4j_xmgHXO9NL98o5NgT4dI1yOFXHchzHK0kL-jPlnxCrBD6O5qVVNWmx9cFJgnl-D9mAQzQ3Aur33EtlqxAPrCGABI5skZF0Y0ZIBIAZSMQuEbzYSm0n3Pg/s1600/24%2520vartha%252016x9_091516%2520%252840%2529.webp?w=1200&ssl=1)
ന്യൂ ഡൽഹി:രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു മണ്ഡലത്തിലെ ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ ആറ് മാസത്തിനകം അവിടെ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.
ജനുവരിയിൽ ലക്ഷദ്വീപിലും സമാന സംഭവവികാസങ്ങൾ അരങ്ങേറിയിരുന്നു. ഇന്ന് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗ്ത്വമാണ് റദ്ദായതെങ്കിൽ അന്ന് പ്രതിസ്ഥാനത്ത് ലക്ഷദ്വീപ് എംപിയായിരുന്നു.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിൽ 2023 ജനുവരി 11ന് കവരത്തി സെഷൻസ് കോടതി മുഹമ്മദ് ഫൈസൽ എംപിയെ പത്ത് വർഷം തടവിന് ശിക്ഷിക്കുകയും ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതൽ എംപിയെ അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്തരവും ഇറക്കി. തുടർന്ന് ലക്ഷദ്വീപും ഉപതെരഞ്ഞെടുപ്പിനൊരുങ്ങിയിരുന്നു. ഫെബ്രുവരി 27നാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരുന്നത്.
എന്നാൽ ജനുവരി 25ന് 2023 ന് മുഹമ്മദ് ഫൈസലിനെ തേടി ആശ്വാസ വിധിയെത്തി. മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി തടഞ്ഞു. കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവ് സസ്‌പെൻഡ് ചെയ്തുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കി. കേസിലെ സാക്ഷിമൊഴികളിൽ വൈരുധ്യമില്ലെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത് എന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളി. ആയുധങ്ങൾ കണ്ടെടുത്തില്ലെങ്കിലും പ്രതികൾക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് അനുകൂലമായി കേരള ഹൈക്കോടതി വിധി പറഞ്ഞതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചു.
വയനാട് എംപി രാഹുൽ ഗാന്ധിയും ഇതേ സാഹചര്യത്തിലൂടെയാണ് നിലവിൽ കടന്ന് പോകുന്നത്. 2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് ഇന്നലെയാണ് രാഹുൽ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. തുടർന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് ഇന്ന് ഉത്തരവും ഇറങ്ങി. ഈ വിധിയിൽ രാഹുൽ ഗാന്ധിക്ക് മേൽകോടതിയിൽ അപ്പീൽ പോകാം. മേൽക്കോടതി ശിക്ഷ ഇളവ് ചെയ്യുകയോ, നടപടി സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കിൽ വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും.
2019 ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി 7,06,367 വോട്ടുകൾ നേടി റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് വയനാട്ടിൽ നിന്ന് വിജയിച്ചത്. നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു രാഹിൽ ഗാന്ധിയുടെ വിജയം..
Wayanad by-election will be held