പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചാരിച്ച ബസ് മറിഞ്ഞു. നിലക്കലിന് അടുത്ത് ഇലവുങ്കലിലാണ് അപകടം നടന്നത്. തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് മറിഞ്ഞതെന്നാണ് വിവരം. ബസിൽ അറുപതോളം ആളുകളുണ്ട്. തമിഴ്നാട് നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്. ഇലവുങ്കൽ – എരുമേലി റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ 20ഓളം പേരെ പുറത്തെടുത്തുവെന്നാണ് സ്ഥലത്ത് നിന്ന് കിട്ടുന്ന ഏറ്റവും പുതിയ വിവരം. പരിക്കേറ്റ അയ്യപ്പ ഭക്തരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read also: നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ തകർന്നു വീണു
ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 62 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പല ഭാഗങ്ങളിൽ നിന്നായി ആംബുലൻസുകളും ഫയർ ഫോഴ്സ് യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി. ഇലവുങ്കൽ എരുമേലി റോഡിൽ മൂന്നാമത്തെ വളവിൽ വെച്ചാണ് അപകടം നടന്നത്. കുട്ടികളടക്കം തീർത്ഥാടകർ ബസിലുണ്ടായിരുന്നു. ബസിന് പിന്നിലുണ്ടായിരുന്ന ശബരിമല തീർത്ഥാടകരുടെ തന്നെ മറ്റ് വാഹനങ്ങളാണ് അപകട വിവരം പുറത്തേക്ക് അറിയിച്ചത്. ശബരിമല വനത്തിനകത്തെ പ്രദേശമായതിനാൽ നെറ്റ്വർക്ക് ലഭ്യമല്ലാത്ത ഇടത്താണ് അപകടം നടന്നത്.
പരിക്കേറ്റവരിൽ ചിലരെ പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.
Sabarimala pilgrims bus with 60 accident at Ilavunkal