തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നും റെഡ് അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തിരുവനന്തപുരത്ത് പുലർച്ചെ മുതൽ പലയിടത്തും മഴ ലഭിച്ചു. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശമുണ്ട്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രത വേണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമർദമായി മാറാൻ സാധ്യത ഉണ്ട്. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കൻ കർണാടക വരെ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വരെ അതിതീവ്രമായ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ട്രക്കിംഗും നിരോധിച്ചു. അതേസമയം, അന്തർ സംസ്ഥാന യാത്രക്കാർക്ക് രാവിലെ ആറ് മുതൽ വൈകീട്ട് നാല് വരെ ഇതുവഴി സഞ്ചരിക്കാം. കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വാഴാനി, പീച്ചി ഡാമുകള്‍, ചാവക്കാട് ബീച്ച് എന്നിവിടങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല.
കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലൂടെയും ഉളള രാത്രി യാത്രാ നിരോധനം ഇന്നും തുടരും. അത്യാവശ്യങ്ങൾക്കായി രാത്രി യാത്ര ചെയ്യേണ്ടവർ പോലീസ് സ്റ്റേഷനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്,
Kerala rain alert today 21 May 2024 heavy rain to continue Red alert in 3 districts