തിരുവനന്തപുരം: ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാൻ സംസ്ഥാനത്ത് എഐ ക്യാമറകള്‍ നാളെ പ്രവർത്തിച്ച് തുടങ്ങും. പിണറായി വിജയനാണ് ‘സേഫ് കേരള’ പദ്ധതി നാളെ മൂന്നരക്ക് ഉദ്ഘാടനം ചെയ്യുക. ദേശീയ- സംസ്ഥാന- ഗ്രാമീണ പാതകളിൽ ഉള്‍പ്പെടെ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെയുള്ള യാത്ര, ഇരുചക്രവാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര, വാഹനമോടിക്കുമ്പോള്‍ മൊബൈൽ ഫോണ്‍ ഉപയോഗം, ചുമന്ന ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിങ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം തുടങ്ങിയവ തെളിവ് സഹിതം പിടിവീഴും.
അമിത വേഗത പിടികൂടാൻ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റുവയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ അറിയിച്ചു.
പിഴ വിവരം അറിയാം
- നോ പാർക്കിംഗ്- 250
- സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500
- ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500
- മൊബൈൽ ഉപയോഗിച്ചാൽ- 2000
- റെഡ് ലൈറ്റും- ട്രാഫിക്കും മറികടന്നാൽ- ശിക്ഷ കോടതി തീരുമാനിക്കും
- അമിതവേഗം 1500
നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക. ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകള്‍ പ്രവർത്തിക്കുകയായിരുന്നു. പ്രതിമാസം 30,000 മുതൽ 90,000വരെ നിയമലംഘങ്ങളാണ് ക്യാമറകള്‍ പതിയുന്നത്. ഇങ്ങനെ നോക്കിയാൽ പിഴത്തുക വഴി സർക്കാർ ഖജനാവിലേക്ക് കോടികളാകും ഒഴുകിയെത്തുക. നിയമലംഘനത്തിന് ഒരു ക്യാമറയിൽ പതിയുന്ന അതേ വാഹനം വീണ്ടും ഐ ഐ ക്യാമറയിൽ പതിഞ്ഞാൽ വീണ്ടും പിഴവീഴും എന്നതാണ് മറ്റൊരു കാര്യം. മൂന്നു വർഷം മുമ്പാണ് കെൽട്രോണുമായി കരാർ ഒപ്പുവച്ചത്. പണം തിരിച്ചടക്കുന്നത് ഉള്‍പ്പെടെ തർക്കങ്ങള്‍ നിലനിന്നതിനാലാണ് ക്യാമറകള്‍ പ്രവർത്തിക്കാത്തത്. അഞ്ചുവർഷത്തേക്കാണ് കരാർ. ഓരോ മൂന്നു മാസം കൂടുമ്പോഴും 11.5 കോടി രൂപ കെൽട്രോണിന് നൽകും.
AI Camera starting