ബെംഗളൂരു: ഓൺലൈൻ പർച്ചേസുകൾ വ്യാപകമായതോടെ അതുവഴിയുണ്ടാകുന്ന തട്ടിപ്പുകളും പെരുകി വരികയാണ്. ഫോൺ ഓർഡർ ചെയ്തപ്പോൾ കല്ല്, ബാഗ് ഓർഡർ ചെയ്തപ്പോൾ സോപ്പ് തുടങ്ങി ആളുകൾ പല തരത്തിലും പറ്റിക്കപ്പെടുന്ന വാർത്തകൾ നിരന്തരം കേൾക്കുന്നുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐ ഫോൺ ഓർഡർ ചെയ്ത വിദ്യാർത്ഥിക്ക് ലഭിച്ചത് സോപ്പായിരുന്നു.
ഫ്ലിപ്കാർട്ട് വഴിയാണ് ഹർഷ എന്ന വിദ്യാർത്ഥി 48,999 രൂപയ്ക്ക് ഐ ഫോൺ 11 ഓർഡർ ചെയ്തത്. എന്നാൽ വിദ്യാർത്ഥിക്ക് ലഭിച്ചത് നിർമ്മ ഡിറ്റർജന്റ് സോപ്പും കോംപാക്റ്റ് കീ പാഡ് ഫോണുമാണ്. ഇതിനെക്കുറിച്ച് ഫ്ലിപ്കാർട്ടിൽ അറിയിച്ചപ്പോൾ പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കാൻ അവർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഹർഷ കോടതിയിലെത്തുന്നത്.
കഴിഞ്ഞ വർഷം ജൂലായിലാണ് ഫ്ലിപ്കാർട്ടിന്റെ മാനേജിങ് ഡയറക്ടർക്കും തേർട് പാർട്ടി വിൽപ്പനക്കാരനുമായ സാനെ റീട്ടെയ്ൽ മാനേജർക്കുമെതിരെ വിദ്യാർത്ഥി പരാതി നൽകിയത്. എന്നാൽ പരാതിക്കെതിരെ വാദിച്ച ഫ്ലിപ്കാർട്ട് ഇത് അവരുടെ തെറ്റല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഫ്ലിപ്കാർട്ടിന്റെ ഈ വാദം കോടതി തള്ളുകയായിരുന്നു. ഓൺലൈൻ ബിസിനസ് കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയിൽ നിന്ന് ഇത്തരമൊരു സമീപനം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. കൂടാതെ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.
തുടർന്ന്, ഐഫോൺ 11ന്റെ 48,999 രൂപ തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. കൂടാതെ കമ്പനിയുടെ സേവനത്തിലെ പോരായ്മക്ക് 10,000 രൂപ അധിക പിഴയും ഉപഭോക്താവിന് നേരിട്ട മാനസിക പീഡനത്തിനും കോടതി ചെലവുകൾക്കുമായി 15,000 രൂപ നൽകാനും കോടതി ഉത്തരവിട്ടു. ഇതോടെ കമ്പനി മൊത്തം 73,999 രൂപയാണ് പരാതിക്കാരിക്ക് നൽകേണ്ടി വന്നത്.
Ordered iPhone got soap The court fined the company heavily