കൊല്ലം∙ മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരെ ഇടിച്ച കാർ റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം കടന്നുകളഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മിഷനംഗം വി.കെ.ബീനാ കുമാരി ആവശ്യപ്പെട്ടു. ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസ്സിലാകുന്ന ഒരു വനിതാ ഡോക്ടറാണു കാറിലുണ്ടായിരുന്നത് എന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്നു വി.കെ.ബീനാകുമാരി പറഞ്ഞു.
കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും കാർ ഡ്രൈവർ അജ്മലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യപിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.
കര്‍ണാടക ആര്‍ടിസിയുടെ കോഴിക്കോട്-ബെംഗളൂരു ബസ് അപകടത്തിൽപെട്ടു, നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്ക്
ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സ്കൂട്ടർ യാത്രികരായ സ്ത്രീകളെ അജ്മൽ ഓടിച്ച കാർ ഇടിച്ചുവീഴ്ത്തിയതും വീണു കിടന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി കയറ്റിയിറക്കിയതും. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) രാത്രിയോടെയാണു മരിച്ചത്. ഇടിച്ചുവീഴ്ത്തിയ ശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മൽ കാർ കയറ്റിയിറക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.
Mynagappally accident human right commission took case