സ്മാര്‍ട് ഫോണുകളും ടാബ്‌ലെറ്റുകളുമെല്ലാം ഇന്ന് കുട്ടികളുടേയും കൗമാരക്കാരുടേയും വരെ ജീവതത്തിലെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. വിനോദത്തിനും വിദ്യാഭ്യാസത്തിനുമെല്ലാം അമിതമായി സ്മാര്‍ട് ഫോണുകളെ ആശ്രയിക്കുമ്പോള്‍ അത് തലമുറകളുടെ ആരോഗ്യപ്രശ്‌നത്തിലേക്ക് വരെ വഴിവെച്ചേക്കാം. ദിവസം മൂന്നു മണിക്കൂറിലേറെ സമയം സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുന്നത് കുട്ടികളില്‍ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് ബ്രസീലിയന്‍ ഗവേഷകരുടെ കണ്ടെത്തല്‍. എഫ്എപിഇഎസ്പിയുടെ പിന്തുണയില്‍ നടത്തിയ പഠനം ശാസ്ത്രജേണലായ ഹെല്‍ത്ത്‌കെയറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തൊറാസിക് സ്‌പെയിന്‍ പെയിന്‍ (TSP) എന്നറിയപ്പെടുന്ന തോളെല്ലുകള്‍ക്കിടയിലായി അനുഭവപ്പെടുന്ന പുറം വേദനയെയാണ് പഠനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. കഴുത്തിന് പിന്‍ഭാഗം മുതല്‍ നട്ടെല്ലിന്റെ തുടക്കം വരെ ഈ വേദന കണ്ടുവരാറുണ്ട്. സാവോ പോളോയിലെ ബൗറു നഗരത്തിലുള്ള 14 മുതല്‍ 18 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.
2017 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1,628 പേരിലാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിച്ചത്. പിന്നീട് 2018ല്‍ ഇതിന്റെ തുടര്‍ച്ചയായുള്ള വിവര ശേഖരണവും നടന്നു. ഒരൊറ്റ വര്‍ഷം കൊണ്ട് ടിഎസ്പി വര്‍ധിച്ചു വന്നതായും ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളില്‍ ഈ പ്രശ്‌നം കൂടുതലായി കാണപ്പെട്ടതായും പഠനം പറയുന്നു. പൊതുവേ മുതിര്‍ന്നവരില്‍ 15 ശതമാനത്തിനും 35 ശതമാനത്തിനും ഇടയിലുള്ളവരില്‍ ടിഎസ്പി കണ്ടുവരാറുണ്ട്. കുട്ടികളിലും കൗമാരക്കാരിലും ഇത് 13 ശതമാനത്തിനും 35 ശതമാനത്തിനും ഇടക്കാണ്. കോവിഡിന്റെ വരവും തുടര്‍ന്ന് സ്മാര്‍ട് ഫോണിന്റേയും കംപ്യൂട്ടറിന്റേയും ഉപയോഗം പരമാവധി വര്‍ധിച്ചതും ഈ ആരോഗ്യപ്രശ്‌നം വര്‍ധിപ്പിച്ചു. ഇക്കാര്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പോലും മുന്നറിയിപ്പ് നല്‍കിയിരുന്നു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും രക്ഷിതാക്കള്‍ക്കുമൊക്കെ വേണ്ടിയുള്ള ആരോഗ്യ വിദ്യാഭ്യാസ പരിപാടികളില്‍ ഇത്തരം വിവരങ്ങള്‍ ഉള്‍പ്പെടുത്താനാവും. വിദ്യാര്‍ഥികളുടെ പഠന രീതികളും സ്മാര്‍ട് ഫോണ്‍ ഉപയോഗവുമെല്ലാം അവരുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് ഈ പഠനം കാണിച്ചു തരുന്നു. നമ്മുടെ ശരീരത്തിന്റെ സാധ്യതകളേയും പരിമിതികളേയും കുറിച്ചുള്ള ധാരണയും കുട്ടികള്‍ക്ക് ഉണ്ടാക്കാനും ഇത് സഹായിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ആല്‍ബെര്‍ട്ടോ ഡി വിറ്റ പറഞ്ഞു.
കുട്ടികളിലെ ടിഎസ്പി നിരക്ക് വര്‍ധിക്കുന്നത് ഗുരുതരമായി ശ്രദ്ധിക്കേണ്ട വിഷയമായാണ് കണക്കാക്കപ്പെടുന്നത്. പുറം വേദന വര്‍ധിക്കുന്നതോടെ കുട്ടികളിലെ അലസത വര്‍ധിക്കുകയും അവര്‍ പഠനത്തില്‍ പിന്നോട്ടു പോവുകയും ചെയ്യുന്നു. ഇതിനു പുറമേയാണ് മനഃശാസ്ത്രപരമായും സാമൂഹ്യപരവുമായുള്ള പ്രശ്‌നങ്ങള്‍. ദിവസം മൂന്നു മണിക്കൂറിലേറെ കുട്ടികള്‍ സ്മാര്‍ട് ഫോണും കംപ്യൂട്ടറും നോക്കുന്നത് അവര്‍ക്ക് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ സമ്മാനിക്കുമെന്നാണ് ബ്രസീലില്‍ നിന്നുള്ള ഈ പഠനം മുന്നറിയിപ്പ് നല്‍കുന്നത്.
Smartphone Usage May Cause Back Pain, Other Health Issues