കരിപ്പൂർ:കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ അനുബന്ധ വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള സർവേ നടപടികൾ പൂർത്തിയാക്കി. 4 ദിവസമായി നടന്ന സർവേയിൽ നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിൽ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അതിർത്തി നിശ്ചയിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച കൃത്യമായ വിവരം ഓരോരുത്തരെയും അറിയിക്കും. അതിനുള്ള നടപടികളിലേക്ക് അടുത്ത ദിവസം നീങ്ങും.
നെടിയിരുപ്പ് വില്ലേജിൽനിന്ന് ഏറ്റെടുക്കുന്ന സ്ഥലത്തെ കണക്കെടുപ്പാണ് ഇന്നലെ നടന്നത്. ആർടികെ (റിയൽ ടൈം കൈനമാറ്റിക്) സംവിധാനം ഉപയോഗിച്ചു സാറ്റലൈറ്റ് സഹായത്തോടെയുള്ള ഡിജിറ്റൽ സർവേ നടത്തിയാണു വിവരശേഖരണം പൂർത്തിയാക്കിയത്.നെടിയിരുപ്പ് മേഖലയിൽ 60 ഭൂ ഉടമകൾ, 30 വീടുകൾ, 2 കോഫി ഷോപ്പ്, ഒരു ഗോഡൗൺ, ഒരു ടർഫ് ഗ്രൗണ്ട്, ഒരു കാലിത്തൊഴുത്ത് എന്നിവ ഉൾപ്പെടും. നേരത്തേ വിലയിരുത്തിയ അത്രയും വീടുകൾ നഷ്ടപ്പെടില്ല എന്നാണു പ്രാഥമിക വിവരം. ആദ്യ പട്ടികയിൽ ഉൾപ്പെട്ട അങ്കണവാടിയും ഏറ്റെടുക്കൽ പരിധിയിൽ വരുന്നില്ല.
നെടിയിരുപ്പ് ഭാഗത്ത് 7.5 ഏക്കറും പള്ളിക്കൽ ഭാഗത്ത് 7 ഏക്കറുമാണ് ഏറ്റെടുക്കാൻ നിർദേശം. സ്കെച്ച് തയാറാക്കി കൃത്യമായ അതിർത്തി നിശ്ചയിക്കുന്നതിലൂടെ കാര്യങ്ങൾക്കു വ്യക്തത വരുമെന്നു ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ ജെ.ഒ.അരുൺ പറഞ്ഞു.വീടുകൾ ഉൾപ്പടെയുള്ള നിർമിതികളുടെ വില പൊതുമരാമത്ത് വകുപ്പിലെ കെട്ടിട വിഭാഗവും കൃഷി വിളകളുടെ നഷ്ടം കൃഷിവകുപ്പ് ഉദ്യോഗസ്ഥരും മറ്റു മരങ്ങളുടെ തുക വനംവകുപ്പും ഭൂവില റവന്യു വകുപ്പും കണക്കാക്കും.
ഈ കണക്കുകൾ ക്രോഡീകരിച്ചു സർക്കാർ പ്രഖ്യാപിച്ച തുകയും ഉൾപ്പെടുത്തി ഓരോരുത്തർക്കും ലഭിക്കുന്ന നഷ്ടപരിഹാരത്തുക ഓരോ ഭൂ ഉടമകളെയും ബോധ്യപ്പെടുത്തും. അതിനു ശേഷമേ മറ്റു നടപടികളിലേക്കു കടക്കൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.കരിപ്പൂർ ഭൂമിയേറ്റെടുക്കലിന്റെ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ എം.പി.പ്രേംലാൽ, സ്പെഷൽ തഹസിൽദാർ എം.കെ.കിഷോർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. ജനപ്രതിനിധികളും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഗതാഗത സൗകര്യം നഷ്ടമാകരുത്
വഴിയില്ലാതെ കുടുങ്ങുന്ന കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കണമെന്ന് ഇന്നലെയും ആവശ്യമുയർന്നു. റൺവേ വികസനം വരുന്നതോടെ തൊട്ടടുത്തുള്ള വീടുകളിലേക്കു വഴി കണ്ടെത്താൻ സാധിക്കില്ലെങ്കിൽ ഈ വീടുകൾകൂടി ഏറ്റെടുക്കണമെന്ന ആവശ്യവും ഉയർന്നു. മാത്രമല്ല, ക്രോസ് റോഡ് ഇല്ലാതാകുന്നതുമൂലം ഉണ്ടാകുന്ന പ്രയാസം പരിഹരിക്കാൻ പൊതുഗതാഗത സൗകര്യം ഏർപ്പെടുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
the area where the CCJ runway development will be undertaken