കോഴിക്കോട് ഡിസ്ട്രിക്ട് ത്രെഡ്സ് അക്കൗണ്ട്: https://www.threads.net/@the_kozhikode
സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിന്‍റെ എതിരാളി അവതരിച്ചു. മെറ്റ അവതരിപ്പിക്കുന്ന ത്രെഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഗംഭീരമായ വരവാണ് സോഷ്യല്‍ മീഡിയയില്‍ നടത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ട്വിറ്റര്‍ മാതൃകയില്‍ ടെക്സ്റ്റ് ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ ആപ്പിനെ മെറ്റ പരിചയപ്പെടുത്തുന്നത്. ട്വിറ്ററിന് സമാനമായ യൂസര്‍ ഇന്‍റര്‍ഫേസാണ് ത്രെഡ്‌സിനുള്ളത്.
ഏറ്റവും രസകരമായ കാര്യം ത്രെഡ്‌സ് അവതരിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അത് ട്വിറ്ററില്‍ ട്രെന്‍റിംഗ് ആയി എന്നതാണ്. അടുത്തിടെയായി ജനപ്രിയ പ്ലാറ്റ്ഫോം ആയ ട്വിറ്റര്‍ വലിയ പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പോസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയതും പണമിടാക്കി തുടങ്ങിയതുമൊക്കെ വിമർശനങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റേയും ജനപ്രീതി ത്രെഡ്‌സ് ഗുണം ചെയ്തുവെന്നും അത് പ്രത്യക്ഷത്തില്‍ ഇലോണ്‍ മസ്കിന്‍റെ ട്വിറ്ററിന് തിരിച്ചടിയാണെന്നും ടെക് ലോകം വിലയിരുത്തുന്നു.
എന്നാല്‍ ത്രെഡ്സിന്‍റെ ഭാവി സംബന്ധിച്ച് ആശങ്കയുള്ളവരും ഉണ്ട്. നിലവില്‍ ഫേസ്ബുക്ക് അക്കൌണ്ടോ, ഇന്‍സ്റ്റ അക്കൌണ്ടോ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ ത്രെഡ്സില്‍ അക്കൌണ്ട് ആരംഭിക്കാം. അതിനാല്‍ തന്നെ തുടക്കത്തില്‍ യൂസര്‍മാരെ ലഭിക്കാനുള്ള പ്രതിസന്ധിയൊന്നും മെറ്റയുടെ കീഴിലെ ഈ പുതിയ പ്രൊഡക്ടിന് ഉണ്ടാകില്ല. എന്നാല്‍ ഭാവിയില്‍ ക്ലബ് ഹൌസ് പോലുള്ള പ്ലാറ്റ്ഫോമിലേക്ക് ഉണ്ടായ വലിയ കുത്തിയൊഴുക്കുപോലെ ആകുമോ ത്രെഡ്‌സിന്‍റെ അവസ്ഥയും എന്ന് സംശയിക്കുന്നവരുണ്ട്.
എന്നാല്‍ ക്ലബ് ഹൌസ് പോലുള്ള ആപ്പ് വന്‍ വിജയമായത് കൊവിഡ് കാലത്തായിരുന്നു. എന്നാല്‍ അതിന് ശേഷം ആളുകള്‍ വീണ്ടും തങ്ങളുടെ പണികളില്‍ വ്യാപൃതരായതോടെ ഇത്തരം ആപ്പിന്‍റെ പ്രസക്തി നഷ്ടമായി എന്നാണ് നിരീക്ഷണം. അന്ന് ഫേസ്ബുക്ക് റൂം എന്ന സംവിധാനം ക്ലബ് ഹൌസിന് ബദലായി ഉണ്ടാക്കി. അത് ഇപ്പോള്‍ ആരും തിരിഞ്ഞ് നോക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ദിനംപ്രതി ആളുകളെ വെറുപ്പിക്കുന്ന ട്വിറ്ററിന്‍റെ ഇടമാണ് ത്രെഡ്‌സ് ആഗ്രഹിക്കുന്നത് എന്ന് വ്യക്തം.
ത്രെഡ്‌സ് എത്തി ആദ്യ രണ്ടു മണിക്കൂറില്‍ 20 ലക്ഷവും നാലു മണിക്കൂറില്‍ 50 ലക്ഷവും ഉപയോക്താക്കളാണ് സൈന്‍ അപ്പ് ചെയ്തുവെന്നാണ് കണക്ക്. ത്രെഡ്‌സ് ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. മെറ്റ മേധാവി സക്കര്‍ബര്‍ഗ് തന്നെ ട്വിറ്ററിനുള്ള പണിയാണ് ത്രെഡ്‌സ് എന്നാണ് നേരിട്ടല്ലാതെ സൂചിപ്പിക്കുന്നത്.
11 വര്‍ഷത്തിന് ശേഷമാണ് സക്കര്‍ബര്‍ഗ് ട്വിറ്ററില്‍ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടു. രണ്ടു സ്‌പൈഡര്‍മാന്‍മാര്‍ പരസ്പരം കൈ ചൂണ്ടി നില്‍ക്കുന്ന വളരെ പ്രശസ്തമായ ചിത്രമാണ് സക്കര്‍ബര്‍ഗ് ട്വീറ്റ് ചെയ്തത്. ക്യാപ്ഷന്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. ശരിക്കും ട്വിറ്ററിന് ഒരു മുന്നറിയിപ്പാണ് ഈ ട്വീറ്റ് എന്നാണ് വിലയിരുത്തല്‍.
എന്തായാലും പുതുമോടിക്ക് ശേഷം ത്രെഡ്‌സ് എങ്ങനെ മുന്നോട്ട് പോകും എന്നത് അടിസ്ഥാനമാക്കി മാത്രമേ ആപ്പിന്‍റെ വിജയം പ്രവചിക്കാന്‍ കഴിയൂ. എങ്കിലും ട്വിറ്ററിലെ വലിയൊരു വിഭാഗത്തെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മെറ്റ.
Threads trending on Twitter as Meta launches competitor