കോഴിക്കോട്∙ ജില്ലയിൽ നിപ്പ ആശങ്ക ഒഴിയുന്നു. നിപ്പ പരിശോധനക്കയച്ച 49 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഗവ. ഗസ്റ്റ് ഹൗസിൽ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. അവസാനം പോസിറ്റീവായ വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകരെ ചെറിയ ലക്ഷണങ്ങളുമായി മെഡിക്കൽ കോളജിലെ ഐസലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാംപിൾ എടുത്ത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Read also: മലപ്പുറത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 9ാം ക്ലാസ് വിദ്യാര്ത്ഥികള്ക്ക് ദാരുണാന്ത്യം
ആദ്യം നിപ്പ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ളവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവ് ആണ്. നിപ്പ സ്ഥിരീകരിച്ച മറ്റുള്ളവരുടെ ഹൈ റിസ്‌ക് കോൺടാക്റ്റിൽ ഉൾപ്പെട്ടവരുടെ സാംപിളുകളുടെ പരിശോധന പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ചെറുവണ്ണൂർ സ്വദേശിക്ക് നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് കോർപറേഷൻ, ഫറോക്ക് നഗരസഭ വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരും. വരും ദിവസങ്ങളിൽ വിദഗ്ധ സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ച് ഇളവുകൾ തീരുമാനിക്കും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
വവ്വാലുകളിൽനിന്നും ശേഖരിച്ച 14 സാംപിളുകളും നെഗറ്റീവാണ്. തിങ്കളാഴ്ച വൈകിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് നിപ്പ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ സമൂഹമാധ്യമത്തിലൂടെ വിശദീകരിച്ചു. മന്ത്രിയോടൊപ്പം കൺട്രോൾ റൂമിലെ വിവിധ ടീമുകളുടെ ലീഡർമാരും പ്രവർത്തനങ്ങൾ പങ്കുവച്ചു. ഇന്നലെ ലഭിച്ച 71 പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ട ചിലരുടെ ഫലങ്ങളും ഇന്നലെ നെഗറ്റീവായതാണ് ആശ്വാസം പകരുന്നത്. 13നു കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച 58 വാർഡുകളിൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവു വരുത്തും. നിപ്പ സമ്പർക്കപ്പട്ടികയിൽ ഇതുവരെ 1,270 പേരെ ഉൾപ്പെടുത്തിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗബാധിതരെ നിരീക്ഷിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുക്കിയ 75 മുറികളിൽ 60 എണ്ണം ഒഴിവുണ്ട്. നിലവിൽ ചികിത്സയിലുള്ള നാലു പേരുടെയും നിലയിൽ പുരോഗതിയുണ്ട്.
Nipah: 23 More Samples are Negative