നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്‍വേഡ് ഷെയറിങ്ങിനെതിരെ ഡിസ്നി + ഹോട്ട്സ്റ്റാർ രംഗത്ത്. കമ്പനി അടുത്തിടെ കനേഡിയൻ സബ്സ്ക്രൈബർമാരുടെ കരാറിൽ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഇമെയിൽ അയച്ചിരുന്നു. നവംബർ ഒന്നു മുതൽ അക്കൗണ്ട് ഷെയറിങ്ങുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള് നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള പുതിയ നയം നടപ്പാക്കുന്നതിനൊപ്പം പുതിയ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തുകയാണെന്നാണ് കമ്പനി ഇമെയിലിലൂടെ അറിയിച്ചത്.
കൂടുതൽ വിശദാംശങ്ങൾ കമ്പനി നല്കിയിട്ടില്ലെങ്കിലും അക്കൗണ്ടുകൾ പങ്കിടുന്ന രീതിക്കെതിരെ കർശനമായ നിയമങ്ങൾ നടപ്പിലാക്കുമെന്ന് മെയിലിൽ ചൂണ്ടിക്കാട്ടിച്ചിട്ടുണ്ട്. ഡിസ്നിയുടെ ഹെൽപ്പ് സെന്ററും ഇക്കാര്യം ചൂണ്ടിക്കാട്ടി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾ പാസ്‌വേഡുകൾ പങ്കിടുന്നുണ്ടോ എന്ന് ഡിസ്നിയ്ക്ക് കണ്ടെത്താനാകും. കനേഡിയൻ സബ്‌സ്‌ക്രൈബർ കരാറിലെ “അക്കൗണ്ട് പങ്കിടൽ” എന്ന പേരിൽ പുതിയതായി അപ്‌ഡേറ്റ് ചെയ്‌ത വിഭാഗത്തിൽ, വരിക്കാരായ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരീക്ഷിക്കുമെന്ന് കമ്പനി പറയുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, അക്കൗണ്ട് പരിമിതപ്പെടുത്തുകയോ പൂർണ്ണമായും അവസാനിപ്പിക്കുകയോ ചെയ്യും. ഈ മാറ്റങ്ങളെല്ലാം നവംബർ ഒന്നാം തീയ്യതി മുതൽ കാനഡയിലുടനീളം പ്രാബല്യത്തിൽ വരും. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും കമ്പനി പുതിയ നയം വൈകാതെ പുറത്തിറക്കും.
ഒരു വീട്ടിലുള്ളവർക്ക് ഒരു അക്കൗണ്ട് എന്ന പുതിയ രീതി അടുത്തിടെയാണ് നെറ്റ്ഫ്ലിക്സ് കമ്പനി അവതരിപ്പിച്ചത്. നേരത്തെ ഉപഭോക്താക്കൾ വ്യാപകമായി നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകൾ ഷെയർ ചെയ്തിരുന്നു. ഇത് ടിവി, സിനിമ എന്നിവയ്ക്കായി മുടക്കുന്ന തങ്ങളുടെ നിക്ഷേപങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് കമ്പനി പറഞ്ഞത്. പാസ്‍വേഡ് ഷെയർ ചെയ്യുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബോറോവർ, ഷെയേർഡ് അക്കൗണ്ടുകളും ചില രാജ്യങ്ങളിൽ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷിച്ചിരുന്നു.
അധിക തുക നൽകി കൂടുതൽ യൂസർമാരെ അക്കൗണ്ടിൽ ചേർക്കാനോ പ്രൊഫൈലുകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനോ സാധിക്കും ഉപഭോക്താക്കൾക്ക് സാധിക്കുമെന്നതായിരുന്നു മെച്ചം. നൂറിലേറെ രാജ്യങ്ങളിലേക്ക് ഈ രീതി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഈ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. നിലവിൽ നെറ്റ്ഫ്ലിക്സ് അംഗങ്ങൾക്ക് പ്രൊഫൈൽ പരസ്പരം കൈമാറാകും. കൂടാതെ ഉപയോക്താവിന് അവരുടെ സെർച്ച് ഹിസ്റ്ററിയും റെക്കമെന്‍ഡേഷനുകളും സൂക്ഷിക്കാനുമാകും.
Disney plus hotstar introduces new measures to prevent password sharing among subscribers