ലണ്ടന്‍: വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പരസ്യരഹിത പ്ലാന്‍ നിര്‍ത്താനുള്ള പദ്ധതികള്‍ ഘട്ടം ഘട്ടമായി ചില രാജ്യങ്ങളില്‍ ആരംഭിച്ചതായി സൂചന. ഇതിന്‍റെ ഭാഗമായി അടിസ്ഥാന പ്ലാന്‍ (ബേസിക് പ്ലാന്‍) സബ്സ്ക്രിപ്ഷന്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുകെയിലും കാനഡയിലുമുള്ള ഉപഭോക്താക്കള്‍ക്ക് നെറ്റ്ഫ്ലിക് മുന്നറിയിപ്പ് നല്‍കിത്തുടങ്ങി എന്നാണ് ദി വെര്‍ജിന്‍റെ റിപ്പോര്‍ട്ട്.
ജൂലൈ 13ഓടെ പുതിയ പ്ലാനിലേക്ക് ചേക്കേറണമെന്ന് ആവശ്യപ്പെട്ട് നെറ്റ്‌ഫ്ലിക്‌സ് കാനഡയിലും യുകെയിലുമുള്ള പല ബേസിക് പ്ലാന്‍ ഉപഭോക്താക്കള്‍ക്കും നോട്ടിഫിക്കേഷനുകള്‍ അയച്ചു എന്ന് ദി വെര്‍ജിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘നെറ്റ്ഫ്ലിക്സ് അയച്ച നോട്ടിഫിക്കേഷന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ റെഡ്ഡിറ്റ് യൂസര്‍മാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്‌സ് നിങ്ങള്‍ക്ക് കാണാനാവുന്ന തിയതി ജൂലൈ 13ന് അവസാനിക്കും. തുടര്‍ന്നും സ്ട്രീമിങ് ആസ്വദിക്കാന്‍ റീച്ചാര്‍ജ് ചെയ്യുക’ എന്നാണ് നോട്ടിഫിക്കേഷനിലുള്ളത്. പുതിയ പ്ലാനിലേക്ക് ചേക്കേറാനായി ക്ലിക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഇവരുടെ ആപ്പുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ബേസിക് പ്ലാന്‍ പുതിയ യൂസര്‍മാര്‍ക്ക് നല്‍കുന്നത് അമേരിക്കയിലും കാനഡയിലും യുകെയിലും 2023ല്‍ നെറ്റ്‌ഫ്ലിക്‌സ് നിര്‍ത്തിയിരുന്നു. എന്നാല്‍ അതിന് മുമ്പ് റീച്ചാര്‍ജ് ചെയ്‌തിരുന്നവര്‍ക്ക് സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയുന്നുണ്ടായിരുന്നു. ഇപ്പോള്‍ ബേസിക് പ്ലാന്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതോടെ ഈ രാജ്യങ്ങളില്‍ പുതിയ പാക്കേജുകള്‍ തെരഞ്ഞെടുത്തേ മതിയാകൂ. ബേസിക് പ്ലാനിനായി 11.99 അമേരിക്കന്‍ ഡോളര്‍ (ഏകദേശം 1000 രൂപ) മാസംതോറും മുടക്കിയിരുന്നവര്‍ ഇനി 6.99 ഡോളറിന്‍റെ (580 രൂപ) പരസ്യത്തോടെയുള്ള പ്ലാനോ, 15.49 ഡോളറിന്‍റെ (1300 രൂപ) പരസ്യരഹിത പ്ലാനോ, 22.99 ഡോളറിന്‍റെ (2000 രൂപ) ആഡ്-ഫ്രീ 4കെ പ്ലാനോ തെരഞ്ഞെടുക്കേണ്ടിവരും.
സ്ട്രീമിങ് പ്ലാറ്റ്ഫോമില്‍ ഏറെ പുതിയ ഫീച്ചറുകളും ഉള്ളടക്കങ്ങളും അവതരിപ്പിക്കാനുള്ള പണം കണ്ടെത്താനാണ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് എന്നാണ് നെറ്റ്ഫ്ലിക്സിന്‍റെ അവകാശവാദം.
എന്നാല്‍ ഇന്ത്യയിലെ നിരക്കുകളില്‍ നെറ്റ്ഫ്ലിക്സ് മാറ്റം കൊണ്ടുവരുമോ എന്ന് വ്യക്തമല്ല. നാല് റീച്ചാര്‍ജ് പ്ലാനുകളാണ് നെറ്റ്‌ഫ്ലിക്സിന് ഇന്ത്യയിലുള്ളത്. 149 രൂപയാണ് ഇന്ത്യയിലെ ഏറ്റവും അടിസ്ഥാന പാക്കേജിന്‍റെ മാസ വില. മൊബൈല്‍/ടാബ്‌ലെറ്റ് യൂസര്‍മാര്‍ക്കായുള്ളതാണ് ഈ പാക്കേജ്. അതേസമയം മൊബൈലിലും ടാബ്‌ലെറ്റിലും കമ്പ്യൂട്ടറിലും സ്മാര്‍ട്ട് ടിവിയിലും കണക്ട് ചെയ്യാനാവുന്ന നെറ്റ്‌ഫ്ലിക്‌സ് ബേസിക് പ്ലാനിന് മാസംതോറും 199 രൂപയാണ് ചിലവ്. സ്റ്റാന്‍ഡേഡ് പ്ലാനിന് 499 രൂപ, പ്രീമിയം പ്ലാനിന് 649 രൂപ എന്നിങ്ങനെയാണ് നെറ്റ്ഫ്ലിക്‌സിന്‍റെ ഇന്ത്യയിലെ മറ്റ് താരിഫുകള്‍.
Netflix starts pushing users to pick more expensive plans