

ഉപയോക്താക്കളുടെ അധിക സുരക്ഷയ്ക്കായി ഗൂഗിൾ പുതിയ ‘പാസ്‌കീ’ ഫീച്ചർ അവതരിപ്പിച്ചു. ഇനി മുതൽ പാസ്‌വേഡുകൾക്ക് പകരം പാസ്കീ ഉപയോഗിക്കാമെന്നാണ് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ പറയുന്നത്. നിലവിലെ പാസ്‌വേഡുകൾ നിർമിത ബുദ്ധി ( ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സംവിധാനങ്ങൾക്ക് പെട്ടെന്നു കണ്ടെത്താം. പലരും ഇപ്പോള്‍ അതിപ്രധാന രേഖകളും വിവരങ്ങളുമടക്കം ഓണ്‍ലൈനില്‍ സൂക്ഷിക്കാന്‍ തുടങ്ങിയതോടെ പാസ്‌വേഡുകള്‍ ഭേദിക്കപ്പെടുന്നത് വലിയൊരു തലവേദനയായിട്ടുണ്ട്. ഓണ്‍ലൈനില്‍ തന്റെ വിവരങ്ങള്‍ സുരക്ഷിതമാക്കാനും അക്കൗണ്ടുകളിലേക്കു പ്രവേശിക്കാനും ഉപയോക്താക്കള്‍ക്ക് ‘അടുത്ത തലമുറ സുരക്ഷ’ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രധാന ടെക്‌നോളജി കമ്പനികള്‍. മേയ് 4 ലോക പാസ്‌വേഡ് ദിനവുമാണ്. ഇന്നു മുതല്‍ പാസ്‌വേഡുകളെക്കാൾ ബലവത്തായ ഓണ്‍ലൈന്‍ പൂട്ടായ പാസ്‌കീ നല്‍കിത്തുടങ്ങിയിരിക്കുകയാണ് ഗൂഗിള്‍.
ഫിഡോ സഖ്യം
പാസ്‌വേഡുകളേക്കാള്‍ സുരക്ഷിതമായ ഓണ്‍ലൈന്‍ പൂട്ടുകള്‍ എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സോഴ്‌സ് സംഘടനയാണ് ഫിഡോ അലയന്‍സ് (FIDO Alliance). ഇവര്‍ക്കൊപ്പം ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നീ കമ്പനികള്‍ യോജിച്ചു പ്രവര്‍ത്തിച്ചാണ് ലോഗ്-ഇന്‍ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പല ഗൂഗിള്‍ അക്കൗണ്ടുകള്‍ക്കുമൊപ്പം പാസ്‌കീ നല്‍കിത്തുടങ്ങി. ഒരാളുടെ അക്കൗണ്ടുകള്‍ക്ക് ഉതകുന്ന ശക്തമായ ഒരു പാസ്‌വേഡ് കണ്ടെത്തലും അത് ഓര്‍ത്തിരിക്കലുമൊക്കെ എളുപ്പമുളള കാര്യമല്ല എന്നതും ടെക്‌നോളജി കമ്പനികളെ അടുത്ത ഘട്ട ഓണ്‍ലൈന്‍ പൂട്ടുകളെക്കുറിച്ച് ചിന്തിപ്പിച്ചു.
പാസ്‌വേഡ് എന്ന തമാശ
പാസ്‌വേഡുകള്‍ ഇന്നു മുതല്‍ അപ്രത്യക്ഷമാകുകയൊന്നുമില്ല. അവ ഘട്ടംഘട്ടമായി കുറച്ചു കാലമെടുത്തു മാത്രമായിരിക്കും ഇല്ലാതാകുക. ആര്‍ക്കും ഊഹിച്ചെടുക്കാന്‍ സാധിക്കാത്തതും എന്നാല്‍ തനിക്ക് ഓര്‍ത്തെടുക്കാന്‍ എളുപ്പവുമുള്ള പാസ്‌വേഡിനായി പലരും സ്വന്തം വളര്‍ത്തു മൃഗങ്ങളുടെ പേരുകളൊക്കെയാണ് ഇടുക. അതല്ലെങ്കില്‍ ഓര്‍ത്തിരിക്കാൻ എളുപ്പത്തിനായി പാസ്‌വേഡ്123, എബിസിഡി തുടങ്ങിയവയെ ആശ്രയിക്കുന്നവരും ഉണ്ട്. ഇതൊക്കെയാണ് ഇപ്പോഴത്തെ തമാശ എന്നും അതൊന്നും മുന്നോട്ടുള്ള പോക്കിന് ഉതകില്ലെന്നും ടെക് കമ്പനികള്‍ കരുതുന്നു.
പാസ്‌കീ
പാസ്‌കീ എന്ന സങ്കല്‍പം സ്മാര്‍ട് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പരിചിതമാണ്. ഒരാളുടെ വിരലടയാളം, മുഖം അല്ലെങ്കല്‍ ഏതെങ്കിലും സ്‌ക്രീന്‍ ലോക് പിന്‍ തുടങ്ങിയവ സ്‌കാന്‍ ചെയ്ത് അക്കൗണ്ടിലേക്കു പ്രവേശിക്കുന്ന രീതിയെയാണ് പാസ്‌കീ എന്ന് വിളിക്കുന്നത്. ഇവ ഓണ്‍ലൈന്‍ വഴിയുള്ള ഫിഷിങ് (phishing) ആക്രമണത്തില്‍നിന്നു സംരക്ഷണം നല്‍കും. കൂടാതെ, ഇവ എസ്എംഎസ് വഴി എത്തുന്ന ഒടിപികളേക്കാളും സുരക്ഷിതമാണെന്നും ഗൂഗിള്‍ പറയുന്നു.
പാസ്‌കീ അനുഭവം ക്രോമിലും
ബ്രൗസറായ ക്രോമിലും ആന്‍ഡ്രോയിഡിലും പാസ്കീ അനുഭവം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നല്‍കി വരികയായിരുന്നു എന്നും ഗൂഗിള്‍ പറയുന്നു. പേപാല്‍, ഷോപിഫൈ, യാഹൂ ജപ്പാന്‍ തുടങ്ങിയ സേവനങ്ങളും പാസ്‌കീ ഓപ്ഷന്‍ നല്‍കി തുടങ്ങിയിരുന്നുവെന്നും ഗൂഗിള്‍ അറിയിച്ചു. മേയ് 4 മുതല്‍ പാസ്‌കീ ഗൂഗിള്‍ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാനുളള ഒരു അധിക ഓപ്ഷനായി നല്‍കിത്തുടങ്ങുമെന്നും ബ്ലോഗിൽ പറയുന്നുണ്ട്. പാസ്‌കീ ഒപരീക്ഷിക്കണമെന്നുള്ള ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചർ ഈ ലിങ്കില്‍ ലഭിക്കും: g.co/passkeys. ഗൂഗിള്‍ വര്‍ക്‌സ്‌പേസ് അക്കൗണ്ടുകള്‍ക്കും അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും താമസിയാതെ ഈ ഓപ്ഷന്‍ ലഭിക്കും. എന്നാൽ കുറച്ചു സമയമെടുത്തു മാത്രമേ പാസ്‌കീകള്‍ക്ക് പാസ്‌വേഡുകളെപ്പോലെ പ്രചാരം ലഭിക്കൂ എന്നും ഗൂഗിള്‍ പറയുന്നു.
Google accounts now support passkeys for password-free sign-in