![](https://i0.wp.com/blogger.googleusercontent.com/img/b/R29vZ2xl/AVvXsEgllLtuXkeEwvLLsAyhDcwInmqjkjLfwJfG7wKn7usaQcUOKGx2hhJegAUNxWZ5IT3zJBd7yErhSa2q3EZWctD7TyX6VXh2PJ0V-rjh-_PpCDavce9wta5hRjOUych-wgx1t_9r5WzCUOJ1aKsJkisMItEMNYX0jxiro72UI26a_LC_AJkN6ZyKef4Z/s1600/mobile-explodes.webp?w=1200&ssl=1)
![](https://i0.wp.com/blogger.googleusercontent.com/img/b/R29vZ2xl/AVvXsEgllLtuXkeEwvLLsAyhDcwInmqjkjLfwJfG7wKn7usaQcUOKGx2hhJegAUNxWZ5IT3zJBd7yErhSa2q3EZWctD7TyX6VXh2PJ0V-rjh-_PpCDavce9wta5hRjOUych-wgx1t_9r5WzCUOJ1aKsJkisMItEMNYX0jxiro72UI26a_LC_AJkN6ZyKef4Z/s1600/mobile-explodes.webp?w=1200&ssl=1)
തൃശൂർ:മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യതകൾ എല്ലാവരും പറയുന്നുണ്ടെങ്കിലും അതു ഇത്രയും മാരകമാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ വിദഗ്ധർക്കും കഴിയുന്നില്ല. തിരുവില്വാലമയിൽ പൊട്ടിത്തെറിയുടെ വലിയ ശബ്ദം സമീപവാസികൾ കേട്ടെങ്കിലും ഫോണിന് അതിനനുസരിച്ചുള്ള കേടുപാടുകൾ പറ്റിയിട്ടില്ല.
മൊബൈലിന്റെ ബാറ്ററിക്കകത്തെ ജെൽ രൂപത്തിലുള്ള ഭാഗങ്ങൾ ഉയർന്ന ചൂടിൽ ഗ്യാസ് ആയി മാറി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കാനുള്ള സാധ്യതയാണു ചൂണ്ടിക്കാട്ടുന്നത്. ഈ പൊട്ടിത്തെറിയിൽ പുറത്തേക്ക് തെറിക്കുന്ന ബാറ്ററിക്കകത്തെ ഭാഗങ്ങൾ ക്ഷതമേൽപ്പിക്കാനും സാധ്യതയുണ്ട്.
ഇവിടെ, മൊബൈലിന്റെ ഡിസ്പ്ലേ വഴിയാകാം ബാറ്ററിക്കകത്തെ ഭാഗങ്ങൾ തെറിച്ചിരിക്കുക എന്നാണ് അനുമാനം. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം എന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ബാറ്ററിക്കകത്തെ ഭാഗങ്ങൾ തലച്ചോറിൽ ക്ഷതമേൽപ്പിച്ചിരിക്കാം. മൊബൈൽ ചാർജ് ചെയ്യുകയായിരുന്നില്ല എന്ന് വീട്ടുകാർ പറയുന്നു.
കിടക്കയ്ക്കടുത്ത് ചാർജിങ് പോയിന്റുമില്ല. ബാറ്ററിക്കകത്തെ ജെൽ ചൂടാകുമ്പോഴാണ് ഗ്യാസ് രൂപത്തിലാകുന്നതെങ്കിലും ചൂട് മൊബൈലിൽ അനുഭവപ്പെടുകയില്ല. അതുകൊണ്ടായിരിക്കാം കുട്ടി ഫോൺ കയ്യിൽ തന്നെ പിടിച്ചിരിക്കുക.
ഫോൺ ഉപയോഗം: ശ്രദ്ധിക്കേണ്ടത്
- നിലവാരമുള്ള ഫോണുകൾ മാത്രം ഉപയോഗിക്കുക.
- ബാറ്ററികൾ മാറുമ്പോഴും നല്ല ബ്രാൻഡുകളുടേത് എന്നുറപ്പിക്കുക.
- ചാർജർ വാങ്ങുമ്പോഴും സുരക്ഷയ്ക്കു മുൻഗണന കൊടുക്കുക.
- ചാർജ് ചെയ്തുകൊണ്ട് ഫോൺ ഉപയോഗിക്കാതിരിക്കുക.
- ഫോൺ ചൂടായിക്കഴിഞ്ഞാൽ ഉപയോഗിക്കാതിരിക്കുക.
- കുറച്ചുനേരത്തെ ഉപയോഗംതന്നെ പെട്ടെന്നു ചൂടാകുന്നുണ്ടെങ്കിൽ ഫോൺ സുരക്ഷിതമല്ല എന്നു തിരിച്ചറിയുക.
- തുടർച്ചയായി ദീർഘനേരം ഫോൺ ഉപയോഗിക്കുന്നതു ഒഴിവാക്കുക. മൊബൈൽ ചൂടായിട്ടില്ലെങ്കിലും ബാറ്ററി ചൂടായിരിക്കാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുക.
Thrissur native Adityasree mobile phone blast death