

കൽപ്പറ്റ: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇന്ന് പരിശോധന നടത്തുമെന്നാണ് മന്ത്രിതല ഉപസമിതി അറിയിച്ചിട്ടുള്ളത്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ കെ കേളു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളിൽ തെരച്ചിൽ നടത്തുക. കോസ്റ്റ് ഗാർഡ്,ഫോറസ്ററ്, നേവി ടീമും ഇവിടെ തെരച്ചിൽ നടത്തും.
മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്നുമുതൽ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണെന്ന് മന്ത്രിതല സമിതി വ്യക്തമാക്കിയിട്ടുണ്ട്. സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
ഇതിന് പുറമെ ഇന്നുമുതൽ ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിലും തെരച്ചിൽ നടത്തും. 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധമായ നാട്ടുകാരും ചേർന്നാകും തിരച്ചിൽ നടത്തുക. പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായും തെരച്ചിൽ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തും. 25 ആംബുലൻസ് ആണ് ബെയ്ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലൻസുകൾ മേപ്പാടി പോളിടെക്നിക് ക്യാംപസിൽ പാർക്ക് ചെയ്യും. ഓരോ ആംബുലൻസിനും ജില്ലാ കളക്ടർ പ്രത്യേക പാസ് നൽകും. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്നും ഡ്രോൺ ബേസ്ഡ് റഡാർ ശനിയാഴ്ച എത്തുമെന്നും മന്ത്രിമാർ അറിയിച്ചു. മൃതദേഹങ്ങളടക്കം കണ്ടെത്താൻ നിലവിൽ 6 നായകളും തെരച്ചിൽ സംഘത്തിനൊപ്പമുണ്ട്. തമിഴ്നാട്ടിൽ നിന്നും നാല് കാഡാവർ നായകൾ കൂടി വയനാട്ടിലെത്തും. വാർത്താസമ്മേളനത്തിൽ മന്ത്രിമാർക്കൊപ്പം ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും പങ്കെടുത്തു.
Wayanad landslide rescue mission will be intensified today through the Bailey bridge and search will be conducted within 40 km of Chaliyar