തിരുവനന്തപുരം:റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനത്തിനുള്ള സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തിയായതായും ഇന്നു (ജൂൺ 03) മുതൽ റേഷൻ കടകൾ പതിവുപോലെ പ്രവർത്തിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
കാർഡുടമകൾക്ക് നിലവിൽ നൽകിവരുന്ന ബില്ലിൽ മാറ്റം വരുത്തി എൻ.എഫ്.എസ്.എ (മഞ്ഞ, പങ്ക്), നോൺ-എൻ.എഫ്.എസ്.എ (നീല, വെള്ള) വിഭാഗങ്ങൾക്ക് പ്രത്യേകമായി ബില്ലുകൾ നൽകണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇ-പോസ് മെഷീനിലെ സോഫ്റ്റ്‌വെയർ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് എൻ.ഐ.സി-ഹൈദരാബാദിന് നിർദേശം നൽകി. ജൂൺ ഒന്നോടെ ഈ ജോലികൾ എൻ.ഐ.സി പൂർത്തിയാക്കി. സംസ്ഥാനത്തെ എല്ലാ ഇ-പോസ് മെഷീനിനുകളിലേക്കുമുള്ള അപ്ഡേഷൻ ജൂൺ രണ്ടിനു രാവിലെ 11.30 ഓടെയും പൂർത്തിയായി. ഇ-പോസ് മെഷീനിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ ആപ്ലിക്കേഷൻതലത്തിലും മാറ്റങ്ങൾ വരുത്തേണ്ടതായിട്ടുണ്ട്. ഈ രീതിയിലുള്ള അപ്ഡേഷൻ നടക്കുമ്പോൾ സാങ്കേതിക പ്രശ്നങ്ങൾ വരുന്നതിനുള്ള സാധ്യതയുണ്ട്. ഇതേത്തുടർന്നു റേഷൻ വിതരണം ഭാഗികമായി മുടങ്ങിയ സാഹചര്യത്തിൽ കാർഡുടമകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഇന്നലെ (02 ജൂൺ) റേഷൻ വിതരണം നടത്തേണ്ടതില്ലെന്ന് മന്ത്രി ഭക്ഷ്യ പൊതുവിതരണ കമ്മീഷണർക്ക് നിർദേശം നൽകിയത്. സെർവർ തകരാറുകൊണ്ടല്ല സാങ്കേതിക തടസമുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.
മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് നെൽക്കതിരും ഇലകളും ചേർന്ന ലോഗോയുടെ ഗരീബ് കല്യാൺ അന്നയോജന എന്ന് രേഖപ്പെടുത്തിയാണ് കേന്ദ്രബിൽ നൽകുന്നത്. കേരളം സബ്സിഡിയോടെ സാധനങ്ങൾ നൽകുന്ന നീല, വെള്ള കാർഡുടമകൾക്ക് മാത്രമാകും കേരളത്തിന്റെ ചിഹ്നം ഉൾപ്പെടുന്ന ബില്ല് ലഭിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
New bill system in ration shops: Software update complete