ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് വിലയില്‍ ഇളവ് പ്രഖ്യാപിച്ച് ഓല. എന്‍ട്രി ലെവല്‍ എസ്1എക്‌സ് ശ്രേണിയിലെ മൂന്നു മോഡലുകൾക്കാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒല എസ് 1 എക്‌സ് 2kWh മോഡലിന് 69,999 രൂപയും 3kWh മോഡലിന് 84,999 രൂപയും 4kWh മോഡലിന് 99,999 രൂപയുമാണ് വില. ഒല എസ് 1എക്‌സ് സ്‌കൂട്ടറിന്റെ 3kWh, 4kWh മോഡലുകൾക്ക് പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്. അതേസമയം എന്‍ട്രി ലെവല്‍ മോഡലായ 2kWhന് മണിക്കൂറില്‍ 85 കിലോമീറ്ററാണ് പരമാവധി വേഗം. മൂന്നു മോഡലുകളിലും 2.7kW/6kW മോട്ടോറും 34 ലീറ്റര്‍ ബൂട്ട് സ്‌പേസുമാണുള്ളത്. ഈ മോഡലുകള്‍ക്കെല്ലാം ഓണ്‍ റോഡ് വിലയില്‍ ഏകദേശം 13,000 രൂപ കൂടുതലായി നല്‍കേണ്ടി വരും.
4.3 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍, എല്‍ഇഡി ഹെഡ്‌ലാംപും ടെയില്‍ ലാംപും എന്നിങ്ങനെയുള്ള ഫീച്ചറുകളും മൂന്നു സ്‌കൂട്ടറുകളിലുമുണ്ടാവും. ആദ്യമായി ഒല ഫിസിക്കല്‍ കീ നല്‍കുന്ന മോഡലുകള്‍ കൂടിയാവും ഇത്. പരമാവധി എട്ട് വര്‍ഷം അല്ലെങ്കില്‍ 80,000 കി.മീ ആണ് ബാറ്ററി വാറണ്ടി. ഒലയുടെ മറ്റു ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് സമാനമാണ് ഒല എസ്1എക്‌സ് സീരീസിലെ സ്‌കൂട്ടറുകളുടേയും ഡിസൈന്‍. ഇകോ, നോര്‍മല്‍, സ്‌പോര്‍ട്‌സ് മോഡുകള്‍ മൂന്നു വകഭേദങ്ങള്‍ക്കുമുണ്ടാവും. ഓരോ മോഡുകളിലും ഇന്ധനക്ഷമത വ്യത്യാസപ്പെട്ടിരിക്കും. 2kWH, 3kWh വകഭേദങ്ങളില്‍ 500W ചാര്‍ജറാണ് ഒല നല്‍കിയിരിക്കുന്നത്. അതേസമയം 4kWh മോഡലില്‍ കൂടുതല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന 750W ചാര്‍ജറും നല്‍കിയിരിക്കുന്നു.
മൂന്നു മോഡലുകളിലും ട്യൂബുലര്‍ ആന്റ് ഷീറ്റ് മെറ്റല്‍ ഫ്രെയിമും ട്വിന്‍ ടെലസ്‌കോപിങ് സസ്‌പെന്‍ഷനും സ്റ്റീല്‍ വീലുകളും ഉണ്ട്. റെഡ് വെലോസിറ്റി, മിഡ്‌നൈറ്റ്, വോഗ്, സ്‌റ്റെല്ലര്‍ എന്നിവ അടക്കം ഏഴ് നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ ലഭ്യമാണ്. സൈഡ് സ്റ്റാന്‍ഡ് അലര്‍ട്ട്, റിവേഴ്‌സ് മോഡ്, ഒടിഎ അപ്‌ഡേറ്റ്, പ്രഡിറ്റീവ് മെയിന്റനന്‍സ്, ക്രൂസ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ ലഭ്യമാണ്. ഒല ഇലക്ട്രിക് ആപ്പ് വഴി ഒല എസ് 1 എക്‌സ് സീരീസിലെ സ്‌കൂട്ടറുകള്‍ നിയന്ത്രിക്കാനും സാധിക്കും. ഒലയുടെ വിലക്കുറവിനു പിന്നില്‍ എങ്ങനെയാണ് ഒലക്ക് ഇത്ര കുറഞ്ഞ വിലയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ വില്‍ക്കാനാവുന്നത്? ഇന്ത്യന്‍ വാഹന വിപണിയില്‍ അധികം പരിചയമില്ലാത്ത സബ്‌സ്‌ക്രിബ്ഷന്‍ മോഡലാണ് ഒലക്ക് ഇതിനു സഹായിക്കുന്നത്. അടിസ്ഥാന മോഡല്‍ വിലകുറച്ചു വില്‍ക്കുകയും പിന്നീട് അധിക ഫീച്ചറുകള്‍ക്ക് സബ്‌സ്‌ക്രിബ്ഷന്‍ ഇടാക്കുകയും ചെയ്യുന്നതാണ് ഈ രീതി. ഒലയില്‍ അധിക സൗകര്യങ്ങളായ ഹൈപ്പര്‍മോഡ്, പ്രോക്‌സിമിറ്റി അണ്‍ലോക്ക്, കീ ഷെയറിങ്, ക്രൂസ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ക്ക് സബ്‌സ്‌ക്രിബ്ഷന്‍ ഈടാക്കുന്നുണ്ട്.
അധിക ഫീച്ചറുകള്‍ക്ക് പുറമേ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്റെയും വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജായും ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാനാവും. സാധാരണ സ്‌കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്ക് വാഹനം വിറ്റ ശേഷം അവരുടെ ഉപഭോക്താക്കള്‍ സര്‍വീസിനായും വാഹന ഭാഗങ്ങള്‍ വാങ്ങാനും അതേ കമ്പനിയെ തന്നെ ആശ്രയിക്കുമെന്ന് ഉറപ്പിക്കാനാവില്ല. എന്നാല്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകളാണെന്നതിനാല്‍ സര്‍വീസിന് ഒല ഉടമകള്‍ ഒലയുടെ സര്‍വീസ് സെന്ററുകളിലേക്കു തന്നെ വരുമെന്ന് ഉറപ്പിക്കിക്കാനാവും. വൈദ്യുത കാര്‍ നിര്‍മാണ രംഗത്ത് തരംഗമായ ടെസ്‌ലയുടെ മാതൃകയാണ് സബ്‌സ്‌ക്രിബ്ഷന്‍ മോഡലില്‍ ഒല പിന്തുടരുന്നത്.
ola scooters rate