

കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും (രാഹുൽ ടോം vs. കെ.എസ്.ആർ.ടി.സി & അദേഴ്സ് ) നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം 2002 ൽ ഇത്തരത്തിൽ 31 ദേശസാൽകൃത റൂട്ടുകളിലൂടെ നൽകിയ സ്വകാര്യ പെർമിറ്റുകൾ നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി വിധി പ്രസ്താവിക്കുകയും ചെയ്തു. ഈ വിധിക്കെതിരെ സ്വകാര്യ ബസുടമകൾ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തതെങ്കിലും സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവയ്ക്കുകയാണ് ഉണ്ടായത്. എന്നാൽ ഈ കാലഘട്ടത്തിനിടയ്ക്ക് പതിനായിരത്തിലധികം സ്വകാര്യ ബസ് പെർമിറ്റുകൾ ഈ റൂട്ടുകളിലൂടെ വിവിധ റിജണൽ ട്രാൻസ്പോർട്ട് അതോറിറ്റികൾ നൽകി എന്നത് പരിഗണിച്ചും, പൊടുന്നനെ ഇത്രയധികം പെർമിറ്റുകൾ നിർത്തലാക്കുന്നത് പൊതു ഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണ ജനങ്ങളെ ദോഷകരമായി ബാധിക്കും എന്നതിനാലും ബഹു: സുപ്രീം കോടതി കേരള സർക്കാരിനോട് കേസിലെ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി ആലോചിച്ച് എല്ലാവർക്കും സ്വീകാര്യമായ ഒരു പരിഹാര മാർഗ്ഗം കണ്ടെത്താൻ നിർദ്ദേശം നൽകി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ എല്ലാവരുമായും കൂടിയാലോചിച്ച് മോട്ടോർ വാഹന നിയമം 1988, ചാപ്റ്റർ 6 ലെ വകുപ്പ് 99 പ്രകാരം കരട് വിജ്ഞാപനം 09.05.2006 ൽ പുറത്തിറക്കുകയും ആയത് GO(P) No.42/2009/ TRAN തീയതി 14.07.2009 ആയി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഈ ഉത്തരവിൽ കരട് വിജ്ഞാപനം പുറപ്പെടുവിച്ച 09.05.2006 വരെ 31 ദേശസാൽകൃത റൂട്ടുകളിലൂടെ സ്കീമിന് വിരുദ്ധമായി നൽകിയ സ്വകാര്യ ബസ് പെർമിറ്റുകളെ തുടരാൻ അനുവദിക്കുകയും പ്രസ്തുത പെർമിറ്റുകളുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് കെ.എസ്.ആർ.ടി.സിക്ക് അപേക്ഷ നൽകി അവ ഏറ്റെടുക്കാമെന്നും വ്യവസ്ഥ ചെയ്തു. കൂടാതെ പൊതുജനങ്ങൾക്ക് ഈ 31 റൂട്ടിലെ പ്രധാന സ്ഥലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് പുതുതായി പെർമിറ്റിനപേക്ഷിക്കുന്ന സ്വകാര്യ ബസുകൾക്ക് തങ്ങൾ അപേക്ഷിച്ച റൂട്ടിന്റെ ആകെ ദൂരത്തിന്റെ 5 ശതമാനം അല്ലെങ്കിൽ 5 കി.മീ ഏതാണോ കുറവ് അത്രയും ദൂരം ഈ 31 റുട്ടുകളിലൂടെയും കടന്നുപോകുന്നതിനും അനുമതി നൽകി. മേൽ സൂചിപ്പിച്ച 31 റൂട്ടുകളിൽ കയറാൻ പോലും നിയമപരമായി അനുമതി ഇല്ലാതിരുന്ന സ്വകാര്യ ബസുകൾക്ക് പൊതുജനതാൽപ്പര്യാർത്ഥമാണ് സർക്കാർ ഈ സൗകര്യങ്ങൾ നൽകിയത്. എന്നാൽ വീണ്ടും ഈ ഉത്തരവിലെ ഏറ്റെടുക്കൽ വ്യവസ്ഥ ഉൾപ്പെടെ ചോദ്യം ചെയ്തു കൊണ്ട് സ്വകാര്യ ബസ്സുടമകളുടേതായി കോടതിയിൽ WP(C) No. 20520/2009 ആയും അനുബന്ധം ആയും ധാരാളം കേസുകൾ ഫയൽ ചെയ്യപ്പെടുകയുണ്ടായി എങ്കിലും അവയെല്ലാം ബഹു: കേരള ഹൈക്കോടതി തളളിക്കളയുകയും സ്കീമിന്റെ സാധുത നിലനിർത്തുകയും ചെയ്തു.