കോഴിക്കോട്:അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു വന്ന ആംബുലൻസിനു യാത്രാ തടസ്സം സൃഷ്ടിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 9.30 ന് എംവിഐ എ.മുസ്തഫയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ചെലവൂരിലെ വീട്ടിലെത്തിയാണു വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനം ഓടിച്ച ചെലവൂർ സ്വദേശി സി.കെ.ജഫ്നാസിന്റെ ലൈസൻസ് 6 മാസം സസ്പെൻഡ് ചെയ്തു. കൂടാതെ 5,000 രൂപ പിഴ ഈടാക്കി. അപകടം വരുത്തും വിധം വാഹനം ഓടിച്ചതിന് എടപ്പാൾ മോട്ടർ വാഹന പരിശീലന കേന്ദ്രത്തിൽ യുവാവിന് 5 ദിവസം പരിശീലനത്തിനും നിർദേശിച്ചതായി ആർടിഒ പി.എ.നാസർ പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
അടിവാരം മുതൽ കാരന്തൂർ വരെ 22 കിലോമീറ്റർ ആംബുലൻസിനു മുന്നിൽ മാർഗ തടസ്സം സൃഷ്ടിച്ചാണു സ്കൂട്ടർ പോയത്. ഒരു മണിക്കൂർ വൈകിയെത്തിയ രോഗിക്കു മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകുകയായിരുന്നു. ആംബുലൻസ് യാത്രക്കാരാണു സ്കൂട്ടർ തടസ്സം സൃഷ്ടിച്ച വിഡിയോ ചിത്രീകരിച്ചത്. ഇതു സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ മോട്ടർ വാഹന വകുപ്പ് വാഹനത്തിന്റെ നമ്പർ കണ്ടെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈകിട്ട് ആർടിഒയ്ക്കു മുന്നിൽ ഹാജരായ യുവാവിനെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.
Ambulance obstruction in Kerala caused a critical delay in emergency care