തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങിലെ ദ്വയാർത്ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ്. റിപ്പോർട്ടർ ചാനൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാറിനെ ഒന്നാം പ്രതി ചേർത്ത് കൊണ്ടാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് കേസ് എടുത്തത്. തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. റിപ്പോർട്ടർ ഷഹബാസ് ആണ് രണ്ടാം പ്രതി. കണ്ടാൽ അറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്.
നേരത്തെ, സംസ്ഥാന സ്കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കലോത്സവ റിപ്പോര്‍ട്ടിങിൽ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനാണ് കേസെടുത്തത്. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ അറിയിച്ചു.
കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷഹബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ബാലാവകാശ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി. കേസ് എടുക്കാൻ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.
school kalolsavam reporting obsene remark about oppana performer POCSO case against reporter channel arunkumar first accused