പള്ളിക്കൽ ∙ കോഴിക്കോട് രാജ്യാന്തര വിമാനത്താവളം റൺവേയുടെ പടിഞ്ഞാറ് വശത്തെ ബംഗളത്തുമാട് പ്രദേശത്ത് അപകട ഭീഷണിയുള്ള വ്യൂ പോയിന്റിൽ സന്ദർശകരെ വിലക്കി പള്ളിക്കൽ പഞ്ചായത്ത് അധികൃതർ ബോർഡ് സ്ഥാപിച്ചു. മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടായ പ്രദേശമാണ്. താഴ്ചയിലേക്ക് ഇനിയും മണ്ണിടിച്ചിലിന് സാധ്യത. അതനുസരിച്ച് അപകടാവസ്ഥ കണക്കിലെടുത്താണ് പഞ്ചായത്ത് ദുരന്തനിവാരണ സമിതിയുടെ തീരുമാനം അനുസരിച്ച് പ്രദേശം നിരോധിത മേഖലയാക്കി പ്രഖ്യാപിച്ചത്. പ്രദേശത്ത് പ്രവേശനം നിരോധിച്ച് ബോർഡ് സ്ഥാപിക്കാൻ ജില്ലാ കലക്ടറും നിർദേശിച്ചിരുന്നു. കരിപ്പൂർ പൊലീസും കൊണ്ടോട്ടി താലൂക്ക് ദുരന്ത നിവാരണ സേനാ വൊളന്റിയർമാരും പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. റൺവേയിൽ വിമാനം ഇറങ്ങുന്നതും ഉയരുന്നതും വ്യക്തമായി കാണാവുന്ന സ്ഥലമായതിനാൽ അപകടാവസ്ഥ കണക്കിലെടുക്കാതെ പലരും വിലക്ക് അവഗണിച്ച് എത്തുന്നതു കൂടി കണക്കിലെടുത്താണ് ബോർഡ് സ്ഥാപിച്ചതെന്നും അധികൃതർ പറഞ്ഞു.
രാത്രി വൈകിയും ഇവിടെ സന്ദർശകർ പതിവായിരുന്നു. കുറ്റിക്കാടുകളുടെ മറവിൽ അനാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതായും പഞ്ചായത്തിന് പരാതി ലഭിച്ചിരുന്നു. അതേസമയം, പൊതുജന സുരക്ഷ മുൻനിർത്തിയാണ് പ്രദേശത്ത് നിരോധനം ഏർപ്പെടുത്തിയതെന്നും കാര്യ ഗൗരവം ഉൾകൊണ്ട് എല്ലാവരും സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അബ്ബാസ് അറിയിച്ചു.
Kozhikode Airport prohibits access to a west-side viewpoint