

തിരുവനന്തപുരം: 2016-ൽ ആരംഭിച്ച ഇ-ഹെൽത്ത് പദ്ധതി 300-ലധികം സ്ഥാപനങ്ങളിൽ ഇതിനോടകം നടപ്പിലാക്കി.’ഒരു പൗരൻ -ഒരു ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഇ-ഹെൽത്ത് പദ്ധതി, സംസ്ഥാന സർക്കാരിനു കീഴിലുള്ള വിവിധ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെ 50000-ത്തോളം ആരോഗ്യ പരിരക്ഷാ സേവനങ്ങളെ പിന്തുണയ്ക്കുന്ന അതുല്യവും ശക്തവും സുസ്ഥിരവുമായ ഒരു നൂതന സംവിധാനമാണ്. സംസ്ഥാനത്തെ കൂടുതൽ ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് പദ്ധതി പ്രവർത്തനം ആരംഭിക്കുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക എന്ന വികസന ദൗത്യത്തിന്റ ഭാഗമായി ഇ-ഹെൽത്ത് പദ്ധതി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്‌ഷ്യം. 707 സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം ഉടൻ പൂർണമായി ലഭിക്കും. ബാക്കിയുള്ള 577 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് സോഫ്റ്റ്‌വെയർ വികസിപ്പിച്ച് സമ്പൂർണ ഇ-ഹെൽത്ത് പദ്ധതി യാഥാർത്ഥ്യമാക്കും.
Read also: ആകെ 510 കി.മീ; ഗെയിൽ കടന്ന് പോകുന്ന ഭൂമിയുടെ രേഖകളില് അടിയന്തര പരിഷ്കാരം, സർക്കാർ അനുമതി
മെഡിക്കൽ കോളേജുകളിലുൾപ്പെടെയുള്ള സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരെ കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ രോഗികൾ എത്തിച്ചേരുന്ന സ്ഥിതി സംസ്ഥാനത്തുണ്ട്. ഇ ഹെൽത്ത് പദ്ധതി പ്രകാരം ഫലപ്രദമായ ഓൺലൈൻ ക്യൂ മാനേജ്‌മെന്റ് സംവിധാനം വഴി ആശുപത്രികളിലെ തിരക്കും മറ്റു ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സാധിയ്ക്കും. ആരോഗ്യ മേഖലയിൽ ഇ ഗവെർണൻസ് സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നൽകിയ ഇ – ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴി ഇ-ഹെൽത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിൽ മുൻകൂട്ടി അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കും. ഇ – ഹെൽത്ത് സൗകര്യമുള്ള 300ൽ പരം ആശുപത്രികളിൽ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുമ്പോൾ മുൻകൂർ ടോക്കൺ ലഭ്യമാക്കാനും ഈ സംവിധാനത്തിലൂടെ സാധിയ്ക്കും.
സംസ്ഥാനത്തിന്റെ പ്രത്യേകതയായ മാതൃശിശു സംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഇ-ഹെൽത്ത് പദ്ധതിയിലൂടെ നടപ്പാക്കാനാവും. ഇതിനായി ആരോഗ്യ പ്രവർത്തകർ ഓരോ വീടും സന്ദർശിച്ച് അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. ഇതിലൂടെ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും മറ്റ് അനാരോഗ്യ സ്വഭാവങ്ങളെക്കുറിച്ചും വ്യക്തമായ രൂപരേഖ ലഭിക്കും. ഇതിലൂടെ രോഗങ്ങൾക്ക് എതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സാധിക്കും. ഭാവിയിൽ സമൂഹത്തിൽ ഉണ്ടായേക്കാവുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായകമാവും.
ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉൾകൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയൽ നമ്പരും (Unique Health ID) ഈ വെബ്‌പോർട്ടൽ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങൾ, ലഭ്യമായ സേവനങ്ങൾ, ചികിത്സ സമയം, ലാബ് ടെസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും പോർട്ടൽ വഴി അറിയാൻ സാധിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലെയുള്ള റഫറൽ ആശുപത്രികളിലേക്ക് അപ്പോയ്‌മെന്റ് എടുക്കുവാൻ റഫറൻസ് ആവശ്യമാണ്. ഇ – ഹെൽത്ത് പദ്ധതിയിലൂടെ സംസ്ഥാനത്തെ ഓരോ പൗരനും ഇലക്‌ട്രോണിക് ഹെൽത്ത് കാർഡ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏതു സർക്കാർ ആശുപത്രിയിലും ഒരു വ്യക്തിയുടെ ചികിത്സ രേഖ ഇതിലൂടെ ലഭ്യമാകും.
യുണിക്ക് ഹെൽത്ത് ഐഡി വഴി ഇ-ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒടിപി വരും. ഈ ഒടിപി നൽകി ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ്‌വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച്ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലേക്കും സമയത്തും അപ്പോയ്‌മെന്റ് എടുക്കാൻ സാധിക്കും.
അപ്പോയ്‌മെന്റ് എടുക്കുന്നതിനു വേണ്ടി ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ്സ്‌വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്മെന്റും തിരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്‌മെന്റ്ന് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും. രോഗികൾ അവർക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കൺ പ്രിന്റും എടുക്കാവുന്നതാണ്. ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കുന്നതാണ്. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും.
ഡയബറ്റിക് റെറ്റിനോപ്പതി, ബ്‌ളഡ്ബാങ്ക് ട്രെയിസബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങളും, ബ്‌ളോക്ക് ചെയിൻ അധിഷ്ഠിത വാക്‌സിൻ കവറേജ് അനാലിസിസ് സിസ്റ്റം തുടങ്ങിയ പദ്ധതികൾ എമർജിങ് ടെക്‌നോളജി പ്രോജക്ടിലൂടെ കെഡിസ്‌ക്കിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുകയാണ്. നിർമിത ബുദ്ധി ഉപയോഗിച്ച് റെറ്റിനൽ ഇമേജിന്റെ നിലവാരം അളക്കുന്ന പദ്ധതിയാണ് ഡയബറ്റിക് റെറ്റിനോപതി. തിരുവനന്തപുരം ജില്ലയിലെ 16 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നടപ്പാക്കിയ സ്മാർട്ട്ഫോൺ അധിഷ്ഠിത റെറ്റിന ഇമേജിംഗ് സംവിധാനമാണ് ഈ പദ്ധതിയിൽ ഉപയോഗിക്കുന്നത്. ബ്ലഡ് ബാങ്ക് ട്രെയ്സിബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങളും പദ്ധതി തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് നടപ്പാക്കുന്നത്. തിരുവനന്തപുരം ജില്ലാ സ്റ്റോറിലും കടകംപള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും വാക്‌സിൻ കവറേജ് അനാലിസിസ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്. കേരള സർക്കാർ ആവിഷ്‌കരിച്ച ഇ-ഹെൽത്ത് പദ്ധതി വഴി ആരോഗ്യ മേഖലയിലെ സേവനങ്ങൾ നൽകുന്നതിൽ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുവാൻ പ്രാഥമിക, ദ്വിതീയ, തൃതീയ തലത്തിലുള്ള അമ്പതിനായിരത്തോളം വരുന്ന ഡോക്ടർമാർ, പാരാമെഡിക്കൽ, നോൺ ക്ലിനിക്കൽ സ്റ്റാഫുകൾ എന്നിവർക്കും ഈ സംവിധാനം സഹായകരമാകും.
ഇ ഹെൽത്ത് സേവനം കോഴിക്കോട് ജില്ലയിൽ ലഭ്യമായ ഹോസ്പിറ്റലുകൾ 👇
- COMMUNITY HEALTH CENTRE THIRUVANGOOR
- DISTRICT HOSPITAL VADAKARA
- FAMILY HEALTH CENTRE ARIKKULAM FAMILY HEALTH CENTRE ATHOLI
- FAMILY HEALTH CENTRE AYANCHERY
- FAMILY HEALTH CENTRE AZHIYUR
- FAMILY HEALTH CENTRE CHALIYAM
- FAMILY HEALTH CENTRE CHORODE
- FAMILY HEALTH CENTRE IRINGAL KOTTAKKAL
- FAMILY HEALTH CENTRE KODIYATHUR
- FAMILY HEALTH CENTRE KOODARANJI
- FAMILY HEALTH CENTRE KUNNAMANGALAM
- FAMILY HEALTH CENTRE MANIYOOR
- FAMILY HEALTH CENTRE MARUTHONKARA
- FAMILY HEALTH CENTRE MEPPAYUR
- FAMILY HEALTH CENTRE MOODADI
- FAMILY HEALTH CENTRE NARIPATTA
- FAMILY HEALTH CENTRE PANANGAD
- FAMILY HEALTH CENTRE PUDUPPADI
- FAMILY HEALTH CENTRE RAMANATUKARA
- FAMILY HEALTH CENTRE THIRUVAMBADI
- FAMILY HEALTH CENTRE VADAKARA
- INSTITUTE OF CHEST DISEASE KOZHIKODE
- INSTITUTE OF MATERNAL AND CHILD HEALTH KOZHIKODE