വയനാട്: പടിഞ്ഞാറത്താറ – പൂഴിത്തോട് ചുരമില്ലാ പാതയ്ക്ക് പ്രതീക്ഷയേകി റീസർവേ. നാളെ രാവിലെ എട്ട് മണിക്കാണ് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ പങ്കെടുക്കുന്ന റീസർവേ തുടങ്ങുക. പൂഴിത്തോട് മുതൽ പടിഞ്ഞാറത്തറ വരെ 27 കിലോമീറ്റര്‍ മാത്രമാണ് ദൂരം. ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വിനോദ സഞ്ചാരമേഖലയ്ക്കും ഉണർവാകും. ദൂരവും സമയവും ലാഭിക്കാനുമാകും.
പക്ഷേ, ഈ ചുറ്റിക്കറങ്ങൽ ഒഴിവാക്കാനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 30 വർഷം പിന്നിടുകയാണ്. 1992ലാണ് സർവേ തുടങ്ങിയത്. 1994ല്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ തറക്കല്ലിട്ട റോഡ്, കാടിന് മുന്നിൽ വഴികാത്ത് ഇന്നും നില്‍കുന്നുണ്ട്. പടിഞ്ഞാറത്തറയിൽ നിന്ന് പൂഴിത്തോട് വരെയുള്ള 27 കിലോമീറ്ററില്‍ 70 ശതമാനവും റോഡായി. വനത്തിലൂടെ നിർമിക്കാനുള്ളത് ഒമ്പത് കിലോമീറ്ററിൽ താഴെ മാത്രമാണ്.
ഒടുവിൽ കാത്തരിപ്പും പ്രതിഷേധവുമൊക്കെ ഫലം കാണുന്നുവെന്നാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. നാളെ രാവിലെ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ റീസർവേ നടക്കും. നല്ല തീരുമാനം തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍മ്മ സമിതി. തിരക്കിലമരുന്ന താമരശ്ശേരി ചുരത്തിലെ കുരുക്ക് അഴിക്കാം എന്നുള്ളതാണ് പദ്ധതി യാഥാര്‍ത്ഥ്യമായാലുള്ള ഗുണം. പാതിവഴിയിൽ ആംബുലൻസിൽ തുടിപ്പറ്റുപോവുന്ന ജീവനുകളുടെ എണ്ണം കുറയ്ക്കാനുമാകും. ബാണാസുര, കക്കയം, പെരുവണ്ണാമൂഴി അണക്കെട്ടുകളുടെ ഓരത്ത് കൂടി കോഴിക്കോടേക്ക് പോകാം. ദൂരവും സമയവും ലാഭിക്കാം. വിനോദ സഞ്ചാരികളേയും ആകർഷിക്കാനാകും.
അങ്ങനെ ഒരു കാടിന് മുന്നിൽ കുടുങ്ങിയ വികസന പാതയ്ക്ക് വഴികാട്ടാൻ റീസർവേയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ വയനാട്ടുകാരനും. അതേസമയം, ദേശീയപാത 544 മണ്ണുത്തി – വടക്കഞ്ചേരി മേഖലയില്‍ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവടങ്ങളില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചിരുന്ന നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി ടി എന്‍ പ്രതാപന്‍ എംപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരു മാസത്തിനകം എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് പണി ആരംഭിക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ദേശീയപാത അതോറിറ്റി പാലക്കാട് പ്രോജക്ട് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എംപി അറിയിച്ചിരുന്നു.
Keralas dream super road new life latest news the way stuck in front of the forest