മലപ്പുറം: കൊണ്ടോട്ടിയിൽ ഓട്ടോറിക്ഷയിലിരുന്ന് വടിവാൾ വീശി ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഓട്ടോ ഡ്രൈവര്‍ പുളിക്കൽ സ്വദേശി ഷംസുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. ഐക്കരപ്പടിയില്‍ നിന്നാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ ഷംസുദ്ദീനെ കൊണ്ടോട്ടി പൊലീസ് പിടികൂടിയത്.
ഓട്ടോറിക്ഷയിലിരുന്ന് വടിവാള്‍ വീശി ബസ് ഡ്രൈവറെ ഭീഷണിപെടുത്തിയ ദൃശ്യം പുറത്തു വന്നതിനു പിന്നാലെ ഷംസുദ്ദീൻ ഒളിവില്‍പോയിരുന്നു. നേരത്തേയും കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് ഷംസുദ്ദീനെന്ന് പൊലീസ് പറഞ്ഞു. മദ്യ ലഹരിയിലാണ് ഇയാള്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്നതെന്നും വടിവാള്‍ വീശിയതെന്നുമാണ് പൊലീസ് പറയുന്നത്. കൃഷിപണിക്ക് ഉപയോഗിക്കുന്നതാണ് വാളെന്നാണ് ഷംസുദ്ദീൻ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. മൂര്‍ച്ചകൂട്ടാൻ കൊണ്ടുപോകുകയായിരുന്ന വാളാണ് താൻ എടുത്ത് വീശിയതെന്നും പ്രതി പറഞ്ഞു.
സ്വകാര്യ ബസിന്‍റെ അമിത ശബ്ദത്തിലുള്ള ഹോൺ അസഹ്യമായി തോന്നിയതുകൊണ്ടാണ് വാള്‍ വീശിക്കാണിച്ചെതെന്നും ഷംസുദ്ദീൻ പൊലീസിന് മൊഴി നല്‍കി. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിനും റോഡിൽ മാർഗതടസ്സം സൃഷ്‌ടിച്ചതിനുമാണു ഇയാളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. സ്വകാര്യ ബസ് കോഴിക്കോട്ടുനിന്നും മഞ്ചേരിയിലേക്ക് പോകുമ്പോൾ പുളിക്കൽ കൊട്ടപ്പുറത്തിനും കൊളത്തൂർ എയർപോർട്ട് ജംഗ്ഷനും ഇടയില്‍ വച്ചാണ് മുന്നിലോടുന്ന ഓട്ടോറിക്ഷയിലിരുന്ന് ഡ്രൈവര്‍ ഷംസുദ്ദീൻ കയ്യിലിരുന്ന വടിവാള്‍ പുറത്തേക്ക് നീട്ടി വീശി കാണിച്ചത്.
autorickshaw driver arrested who waved weapon in front of the bus in malappuram