എലത്തൂർ: ട്രെയിൻ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ പൊലീസ് പരിശോധനയ്ക്ക് നിർദേശം. എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും പരിശോധന നടത്താൻ നിർദേശം നൽകി. റെയിൽവേ സ്റ്റേഷൻ,ബസ് സ്റ്റാൻഡ്,ഹോട്ടലുകൾ, ഇതര സംസ്ഥാനക്കാരുടെ ക്യാമ്പുകളിലടക്കം പരിശോധന നടത്താനാണ് നിർദേശം. സംശയാസ്പദമായി കണ്ടെത്തുന്നവരെ കസ്റ്റഡിയിൽ എടുക്കാനും നിർദേശിച്ചു. സംസ്ഥാന അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാനും അറിയിപ്പ് നൽകി.
അതേസമയം എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം 18 അംഗ സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈം ബ്രാഞ്ച്
ആക്രമിയുടെ രേഖാചിത്രം
എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇത് കൂടാതെ ക്രൈം ബ്രാഞ്ച് ലോക്കൽ പൊലീസ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയിൽ നിന്നും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജ്, താനൂർ ഡിവൈഎസ്പി ബെന്നി എന്നിവരാണ് സംഘത്തിലുള്ളത്.
ഇത് കൂടാതെ റെയിൽവേ ഇൻസ്പെക്ടർമാർ, ലോക്കൽ സബ് ഇൻസ്പെക്ടർമാർ എന്നിവരെയെല്ലാം ഈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം 18 അംഗ സംഘത്തിനെയാണ് പ്രത്യേക അന്വേഷണം ഏൽപിച്ചു കൊണ്ടുള്ള ഉത്തരവാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ അക്രമി തീ വെച്ചത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അക്രമി ഓടിരക്ഷപ്പെട്ടിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതിന്റെ ഭാഗമായിട്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതി എന്ന് സൂചന കിട്ടിയതായി പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്.
Police to conduct comprehensive investigation in elathur train fire