കണ്ണൂർ∙ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റിൽവീണ് മരിച്ചു. പാനൂർ തൂവക്കുന്ന് ചേലക്കാട് സ്വദേശി ഫസൽ (9) ആണ് മരിച്ചത്. തൂവക്കുന്ന് ഗവ. എൽപി സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കാണ് സംഭവമെങ്കിലും വീട്ടുകാർ അറിയുന്നത് 7 മണിയോടെയാണ്.
തെരുവുനായയെ കണ്ട് ഭയന്ന കുട്ടികൾ ചിതറിയോടി. ഫസൽ വീട്ടിലേക്ക് പോയിരിക്കുമെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. കൂട്ടുകാർക്കൊപ്പം ആണെന്ന് വീട്ടുകാരും കരുതി. ഏഴു മണിയായിട്ടും കുട്ടിയെ കാണാത്തതിനാൽ അന്വേഷണം നടത്തിയപ്പോഴാണ് നായ ഓടിച്ച കാര്യം മറ്റു കുട്ടികൾ പറയുന്നത്.
കളിസ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ പരിസരത്തെ നിർമാണം നടക്കുന്ന വീടിനോട് ചേർന്ന സംരക്ഷണ ഭിത്തിയില്ലാത്ത കിണറിൽനിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
A nine-year-old boy fell into a well and died after being frightened by a dog at Kannur