കോഴിക്കോട്: ദേശീയപാതാ നവീകരണം നടക്കുന്ന ഭാഗത്തെ സുരക്ഷാ ഭിത്തിയില്ലാത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് ഓൺലൈൻ ഭക്ഷണ വിതരണ കമ്പനി ജീവനക്കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദേശീയപാതാ പ്രോജക്റ്റ് ഡയറക്ടർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 28 ന് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
എലത്തൂർ സ്വദേശിയായ എം രഞ്ജിത്താണ് തൊണ്ടയാട് – മലാപറമ്പ റോഡിലെ പനാത്തുതാഴം നേതാജി ജംഗ്ഷനിലെ വലിയ കുഴിയിൽ വീണത്. റോഡിന്റെ ഒരു വശത്തുള്ള കുഴി തുറന്നു കിടക്കുകയായിരുന്നു.സുരക്ഷാ മൂന്നറിയിപ്പ് ഉണ്ടായിരുന്നില്ല. തെരുവുവിളക്കും ഉണ്ടായിരുന്നില്ല. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ACCIDENT Human Rights Commission human rights commission kerala National Highway