കോഴിക്കോട്: പൊതുറോഡിൽ വിദ്യാർഥികളെ പിന്തുടർന്നു വിഡിയോ ചിത്രീകരിച്ച 2 യുവാക്കളെ നടക്കാവ് പൊലീസ് പിടികൂടി. പുതിയങ്ങാടി സ്വദേശിയും അരയിടത്തുപാലം മാവൂർ റോഡ് ലതാപുരി വീട്ടിൽ താമസക്കാരനുമായ നൈജിൽ റിട്സ് (31), കോട്ടൂളി കരിപ്പാകുളങ്ങര വീട്ടിൽ വി.സംഗീത് (31) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം.
എരഞ്ഞിപ്പാലം മിനി ബൈപാസിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റൽ വിദ്യാർഥികൾ നഗരത്തിൽനിന്നു സാധനങ്ങൾ വാങ്ങി തിരിച്ചു വരുന്നതിനിടെ സരോവരം സമീപം എത്തിയപ്പോൾ കാറിൽ ഇരുന്ന യുവാക്കൾ വിദ്യാർഥികളോടു മോശമായി സംസാരിച്ചു വിഡിയോ ചിത്രീകരിച്ചു. ഇതിനിടെ വിദ്യാർഥികൾ ഇവരുടെ വിഡിയോയും മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. വിദ്യാർഥികൾ നടന്നു നീങ്ങിയപ്പോൾ കാറിൽ പിന്തുടർന്നു. പൊലീസിൽ പരാതി നൽകുമെന്നു വിദ്യാർഥികൾ മുന്നറിയിപ്പു നൽകിയിട്ടും പ്രതികൾ പിന്തുടർന്നു. ഒടുവിൽ വിഡിയോയും കാറിന്റെ ഫോട്ടോയും വിദ്യാർഥികൾ നടക്കാവ് പൊലീസിനു കൈമാറി.
യുവാക്കളോടു സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ഇരുവരും എത്തിയില്ല. പിന്നീട് എസ്ഐമാരായ എൻ.ലീല, ബിനു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിൽ എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ പിന്നീട് നോട്ടിസ് നൽകി വിട്ടയച്ചു.
Kozhikode student harassment leads to arrests