ഭുവനേശ്വർ : ഒഡീഷ ബാലസോറിന് സമീപത്തുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ മലയാളികളും. കണ്ടശാങ്കടവ് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു, എന്നിവർക്കാണ് പരിക്കേറ്റത്. ഒരു ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്. നാലുപേരുടെയും പരിക്ക് സാരമുള്ളതല്ല. ട്രെയിനിലെ സ്ലീപ്പർ കമ്പാട്ടുമെന്റിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു തങ്ങളെന്ന് അപകടത്തിൽപ്പെട്ടവരിൽ കിരൺ വ്യക്തമാക്കി. പെട്ടന്നാണ് അപകടമുണ്ടായത്. എമർജൻസി എക്സിറ്റ് വഴിയാണ് പുറത്തേക്കിറങ്ങിയത്. കമ്പാട്ടുമെന്റിൽ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ആളുകൾ അപകടത്തിൽ മരിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരെ പുറത്തേക്ക് എത്തിച്ച ശേഷമാണ് ഞങ്ങൾ രക്ഷപ്പെട്ടതെന്നും കിരൺ പറഞ്ഞു.
അന്തിക്കാട് സ്വദേശികളായ എട്ടുപേരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കൊൽക്കത്തയിലേക്ക് പോയിരുന്നത്. ഇതിൽ കരാറുകാരൻ ഉൾപ്പെടെ നാലുപേർ കഴിഞ്ഞ ദിവസം അന്തിക്കാട് തിരികെയെത്തിയിരുന്നു. ബാക്കി നാലു പേർ ഇന്ന് ട്രെയിനിൽ തിരികെ വരുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടമുണ്ടായതിന് പിന്നാലെ നാല് പേരും സമീപത്തിലുള്ള വീട്ടിൽ അഭയം തേടി. അതിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിച്ചത്. തലയ്ക്കും മുഖത്തിനും പരിക്കേറ്റ നാല് പേരുടെയും നില ഗുരുതരമല്ല.
four malayalees anthikad natives injured in odisha train accident