

തിരുവനന്തപുരം:ഓപ്പറേഷൻ പി ഹണ്ടുമായി ബന്ധപ്പെട്ട പരിശോധനയിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഐടി ജീവനക്കാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള ആളുകളുണ്ട്. 142 കേസുകളാണ് സംസ്ഥാന വ്യാപകമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 270 ഇലക്ട്രോണിക്സ് ഉപകരണങ്ങളും കണ്ടെത്തി. അതിൽ ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്കുകൾ, മോഡം തുടങ്ങിയവ ഉൾപ്പെടുന്നു.
കുട്ടികളെ ലൈവ് സെഷനുകൾക്കായി ഉപയോഗിക്കുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് പൊലീസ് നടത്തിയിരിക്കുന്നത്. നേരത്തെ നിരോധിച്ച ലിങ്കുകൾ ഉപയോഗിച്ചാണ് ഇത്തരം നീക്കമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ പ്രത്യേക സോഫ്റ്റ്വെയറുകൾ ഇവർ ഉപയോഗിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിൽ 3 കേസുകൾ റജിസ്റ്റർ ചെയ്തു. കോഴിക്കോട് റൂറലിൽ 43 കേന്ദ്രങ്ങളിലും സിറ്റിയിൽ 28 കേന്ദ്രങ്ങളിലും പരിശോധന നടത്തി. മാവൂർ, മെഡിക്കൽ കോളജ്, കസബ സ്റ്റേഷനുകളിൽ കേസുകൾ റജിസ്റ്റർ ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണുകൾ പരിശോധിച്ച ശേഷമാകും തുടർനടപടികൾ. പൊലീസിന്റെ കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റ് ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരുടെ ഐപി വിലാസം പ്രത്യേക സംവിധാനം ഉപയോഗിച്ചു കണ്ടെത്തിയ ശേഷമാണു പരിശോധന നടത്തിയത്.
operation p hunt 12 arrest