തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം. നാളെ മുതൽ പുതിയ സമയക്രമത്തിലാകും വന്ദേഭാരത് ചീറിപായുക. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ പുതുതായി സ്റ്റോപ് അനുവദിച്ചതോടെയാണ് സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. പുറപ്പെടുന്ന സമയത്തിലടക്കം മാറ്റം വരുത്തിക്കൊണ്ടുള്ളതാണ് പുതിയ സമയക്രമം.
Read also: രണ്ട് കാരണം! രണ്ടാം വന്ദേ ഭാരത് ബമ്പർ ഹിറ്റ്, 5 ദിവസത്തെ ബുക്കിംഗിൽ ആദ്യ വന്ദേഭാരതിനെയും മറികടന്നു
തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെയാകും നാളെ മുതൽ വന്ദേഭരത് പുറപ്പെടുക. നിലവിൽ രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് നാളെ മുതൽ രാവിലെ 5.15 ന് സർവീസ് ആരംഭിക്കും. 6.03 ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിട്ട് ഇവിടെ നിർത്തിയിടും. ശേഷം 6.05 ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53 ന് ചെങ്ങന്നൂരിൽ എത്തും. ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് നിർത്തിയ ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും. നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ വന്ദേഭാരത് കോട്ടയത്തും എറണാകുളത്തും എത്തും. ഇതിൽ മാറ്റമുണ്ടാകില്ല.
എന്നാൽ തൃശൂരിൽ വന്ദേഭാരതിൻ്റെ സമയക്രമത്തിൽ മാറ്റമുണ്ടാകും. പതിവായി എത്തുന്ന 9.30 ന് തന്നെ എത്തുന്ന വന്ദേഭാരത് ഒരു മിനിറ്റ് അധികം ഇവിടെ കിടക്കും. നേരത്തെ 2 മിനിട്ടാണ് നിർത്തിയിട്ടിരുന്നതെങ്കിൽ നാളെ മുതൽ തൃശൂരിൽ വന്ദേഭാരത് 3 മിനിറ്റ് നിർത്തിയിടും. ശേഷം 9.33 ന് ഇവിടെ നിന്ന് പുറപ്പെടും. ഷൊർണൂർ മുതൽ കാസർകോട് വരെയുള്ള നിലവിലെ സമയപ്രകാരം തന്നെ വന്ദേഭാരത് കുതിച്ചെത്തും. കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലാണ് ഷോർണൂർ കഴിഞ്ഞാൽ വന്ദേഭാരത് നിർത്തുക.
മടക്കയാത്രയിലും കാസർകോട് മുതൽ ഷൊർണൂർ വരെ സമയക്രമം നിലവിലേത് തുടരും. എന്നാൽ തൃശൂരിൽ ഒരു മിനിട്ട് അധികം നിർത്തിയിടും. 6.10 ന് തന്നെ എത്തുന്ന വന്ദേഭാരത് ഇവിടെനിന്നും പുറപ്പെടുക 6.13 നായിരിക്കും. എറണാകുളത്തും കോട്ടയത്തും സമയത്തിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ 8.46 ന് ട്രെയിനെത്തും. 8.48 ന് ഇവിടെ നിന്ന് പുറപ്പെടും. കൊല്ലത്ത് 9.34 ന് എത്തുന്ന ട്രെയിൻ 9.36 ന് ഇവിടെ നിന്ന് പുറപ്പെടും. മുൻപത്തേതിലും അഞ്ച് മിനിറ്റ് വൈകി 10.40 നാവും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.
Vande bharat time schedule change latest news full details of new timing in all stops