കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകൾ റോളിനായി ശുപാർശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ.


Read also

പള്ളിക്കണ്ടിയെന്നാൽ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളർന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളിൽ ജോലിക്ക് പോയി. എണ്ണം തടികളളക്കുന്നതിൽ മിടുക്കനായി. കെടി മുഹമ്മദും വാസുപ്രദിപും മറ്റും മലബാറിന്റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയായിരുന്നു. 1979 ൽ അന്യരുടെ ഭൂമിയെന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു. 
1982ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശ പ്രകാരം സുറുമിയിട്ട കണ്ണുകളിൽ മറ്റൊരു വേഷം. കാര്യമായ ശ്രദ്ധ കിട്ടിയില്ല. 4 കൊല്ലം കഴിഞ്ഞ് ആ സിനിമ വന്നു. സിബി മലയിലിന്റെ ദൂരെദൂരെ കൂടു കൂട്ടാം. എന്ന് വെച്ചാൽ മോഹൻലാൽ മാഷിന്റെ സാൾട്ട് മാംഗോ ട്രീ സിനിമ. കോയ മാഷ് ക്ലിക്കായി. തനി കോഴിക്കോടൻ നാടൻ വർത്തമാനം. കൂസാത്ത കൗണ്ടറുകൾ പറയുന്ന കല്ലായിയിലെ പഴയ മരഅളവുകാരനെ കണ്ട് ജനം ആർത്തു ചിരിച്ചു. പിന്നിട് മാമുക്കോയ തിരിഞ്ഞ് നോക്കിയിട്ടില്ല, ശ്രീനിവാസനെന്ന തിരക്കഥാകൃത്തും സത്യനന്തിക്കാടെനന്ന സംവിധായകനും ചേർന്ന് മലയാള സിനിമയെ മറ്റൊരു വഴിയിലൂടെ നടത്തിയപ്പോൾ കൂടെ സ്ഥിരമായുണ്ടായിരുന്നത് മാമുക്കോയയാണ്. 
നാടോടിക്കാറ്റിലെ ഗഫൂർ… സന്ദേശത്തിലെ എകെ പൊതുവാളെന്നിങ്ങനെ നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന മനുഷ്യരെ പോലെ മാമുക്കോയ സ്ക്രീനിൽ നിറഞ്ഞു നിന്നു. പ്രിയദർശനും സിദ്ദീഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടൻ ഹാസ്യത്തിന് മാറ്റുകൂട്ടി. 30 വർഷം മുമ്പുള്ള 
മാമുക്കോയയുടെ സംഭാഷണങ്ങൾ പലതും പുതുതലമുറയ്ക്ക് തഗ് ലൈഫാണ്. സംഭാഷണത്തിലെ  ഉരുളക്കുപ്പേരി മറുപടികൾ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു. 



തമാശവേഷങ്ങൾക്കിടെ തേടി വന്ന ചില  വേഷങ്ങൾ മാമുക്കോയയിലെ സ്വാഭാവിക നടനെ പുറത്ത് കൊണ്ട് വന്നു.   പെരുമഴക്കാലത്തെ അബ്ദു അതിലൊന്നായിരുന്നു. ഒടുവിൽ ചെയ്ത കുരുതിയിലെ മൂസാക്ക  ആ നടനിലെ തീപ്പൊരി അണഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. കുതിരവട്ടം പപ്പുവും  വൈക്കം മുഹമ്മദ് ബഷീറുമായിരുന്നു മാമുക്കോയക്ക് വഴികാട്ടിയ രണ്ട് പേർ. അവരെക്കുറിച്ച് രസകരമായ ഓർമ്മകൾ പങ്ക് വെക്കുമായിരുന്നു മാമുക്കോയ.
250 ലേറെ കഥാപാത്രങ്ങൾ. ഒരു കാലത്തും പഴകാത്ത തമാശകൾ. ഏത് തിരക്കിലും അരക്കിണറിലേയും കോഴിക്കോട് നഗരത്തിലും താരജാഡയില്ലാതെ നടന്ന മനുഷ്യൻ.. സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു മാമുക്കോയക്ക്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന മാമുക്കോയ മിക്കപ്പോഴും നിലപാടുകളുടെ പേരിലും പ്രശംസിക്കപ്പെട്ടു. മാമുക്കോയ വിടപറയുമ്പോൾ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയിൽ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്. ആ കഥാപാത്രങ്ങൾ തഗ്ഗ് ലൈഫായും ട്രോളായും സ്വാഭാവികാഭിനയത്തിന്റെ പാഠപുസ്തകമായും ഇവിടെതന്നെ കാണും…
actor mamukkoya passed away
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കൊടൈക്കനാല്‍: ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്​റ്റില്‍. മഞ്ഞുമ്മൽ ബോയ്സ് കണ്ട…

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ഐഡി’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: എസ്സാ എന്‍റര്‍ടെയ്മെന്‍റ്സിന്‍റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ…

റീ റിലീസില്‍ ഇനി മമ്മൂട്ടിയുടെ ഊഴം; ‘പാലേരി മാണിക്യം’ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാള സിനിമയില്‍ അടുത്ത റീ റിലീസ്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച് 2009…

മുൻകൂർ ജാമ്യത്തിനായി സിദ്ദിഖും കോടതിയിലേക്ക്; മുകേഷിന്‍റെയും ചന്ദ്രശേഖരന്‍റെയും അപേക്ഷകൾ ഇന്ന് പരിഗണിക്കും

കൊച്ചി: സിനിമാ ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും.…