ബേപ്പൂർ : ഈമാസം 27 , 28, 29 തിയതികളിൽ നടക്കുന്ന രാജ്യാന്തര ബേപ്പൂർ വാട്ടർ ഫെസ്റ്റിന് മുന്നോടിയായി മറീന ബീച്ചിൽ പൂർത്തിയായ ബേപ്പൂർ ആൻഡ് ബിയോണ്ട് സമഗ്ര ടൂറിസം പദ്ധതി ആദ്യഘട്ടം ഇന്ന് നാടിന് സമർപ്പിക്കും. വൈകിട്ട് 6.30 ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയർ ഡോ.ബീനാ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 9. 94 കോടി ചെലവഴിച്ചാണ് ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി കടലിലേക്ക് ഒരു കിലോമീറ്ററോളം നീളുന്ന സൗന്ദര്യവത്ക്കരണം.
പുലിമൂട്ടിൽ തകർന്ന ഇരിപ്പിടങ്ങളും അലങ്കാര ദീപങ്ങളും മാറ്റി സ്ഥാപിച്ചു. അടിത്തറയിൽ ആകർഷകമായ ബ്ലൂസ്പ്രേ കോൺക്രീറ്റിംഗ് ഒരുക്കി.ഗ്രാനൈറ്റ് പാളികൾ വിരിച്ചും ഡ്രൈനേജ് സൗകര്യം ഒരുക്കിയും കൂടുതൽ ആകർഷണീയമാക്കി. പൂർണസമയം ലൈഫ് ഗാർഡുകളുടെ സേവനം . രണ്ടാം ഘട്ട വികസന പദ്ധതിക്കായി വിനോദ സഞ്ചാര വകുപ്പ് 15 കോടി കൂടി വകയിരുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായി ബേപ്പൂരിനെ ആഗോള മാതൃകയായി ഉത്തരവാദിത്വ ടൂറിസം കേന്ദ്രമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. വാട്ടർ ഫെസ്റ്റിന്റെ മുഖ്യ വേദിയായ ചാലിയാറും കടലും സംഗമിക്കുന്ന തീരത്തെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയുമാണ് നവീകരണം ആരംഭിച്ചത്.