താമരശ്ശേരി: അവധിദിനങ്ങളിൽ ഗതാഗത സ്തംഭനം പതിവായ താമരശ്ശേരി ചുരത്തിൽ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. താമരശ്ശേരി ഡിവൈ.എസ്.പി ഇൻ ചാർജ് വി.വി.ബെന്നിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ചൊവ്വാഴ്ച വൈകീട്ട് മുതൽ പുതുവത്സരദിനമായ ബുധനാഴ്ച പുലർച്ചെ വരെ ചുരം പാതയോരത്ത് വാഹന പാർക്കിങ് പൂർണ്ണമായി നിരോധിച്ചു. താമരശ്ശേരി ചുരം വ്യൂ പോയിൻ്റിൽ രാത്രി പത്ത് മണി വരെ മാത്രമേ സഞ്ചാരികളെ ഇറങ്ങി നിൽക്കാൻ അനുവദിക്കൂ. ചുരംപാതയോരത്തെ തട്ടുകൾ ഉൾപ്പെടെ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയ്ക്ക് ശേഷം അടയ്ക്കാനും താമരശ്ശേരി പോലീസ് നിർദേശം നൽകി.
ഭാരവാഹനങ്ങൾക്ക് വൈകീട്ട് മൂന്ന് മുതൽ രാത്രി പന്ത്രണ്ട് വരെ ചുരത്തിൽ നിരോധനം ഏർപ്പെടുത്തി. നിയന്ത്രണമുള്ള സമയത്ത് ചുരം പാതയിലേക്കെത്തുന്ന ചരക്കു ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ അടിവാരത്തും ലക്കിടിയിലുമായി പിടിച്ചിടും, നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് താമരശ്ശേരി സർക്കാൾ ഇൻസ്പെക്ടർ പറഞ്ഞു.
traffic restriction churam