രാജ്യത്തെ രണ്ടാമത്തെ ഏറ്റവുംവീതിയേറിയ ആകാശലോബി

കോഴിക്കോട്: നമ്മുടെ ഒരുറോഡിന്റെ ശരാശരി വീതി ആറുമീറ്ററാണെന്നിരിക്കെ, അത്തരം എട്ടുറോഡ് ചേർത്തുവെച്ചാലുള്ള വീതിയിൽ റെയിൽവേ സ്റ്റേഷനിൽ ആകാശലോബി വരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി പുതുക്കിനിർമിക്കുന്ന സ്റ്റേഷൻ കെട്ടിടത്തിലാണ് ഇത് വരുന്നത്. 48 മീറ്റർ വീതിയിൽ നിർമിക്കുന്ന ഈ ആകാശലോബിക്ക് 110 മീറ്റർ നീളമുണ്ടാകും. വിമാനത്താവളങ്ങളിലുള്ളതുപോലെ വിശാലമായ കാത്തിരിപ്പുകേന്ദ്രമായി ഈ ലോബിയെ (എയർ കോൺകോഴ്സ്) മാറ്റുന്നതിനുപുറമെ ധാരാളം വാണിജ്യ-വിനോദകേന്ദ്രങ്ങളും ഇവിടെയൊരുക്കുന്നുണ്ട്.

ഡിപ്പാർട്ട്‌മെന്റൽ ഷോപ്പ്, റീട്ടെയിൽ ഷോപ്പ്, ഗെയിം സോൺ, ഗിഫ്റ്റ് ഷോപ്പ്, പുസ്തകശാലകൾ എന്നിവയെല്ലാം ഈ ലോബിയിലുണ്ടാകും. വായുവും വെളിച്ചവും സമൃദ്ധമായി കടന്നുവരാൻ സൗകര്യമൊരുക്കുന്ന രീതിയിലാണ് ഈ ‘പാലം’ രൂപകല്പന ചെയ്തിട്ടുള്ളത്.

സ്റ്റേഷൻ കെട്ടിടത്തിന്റെ കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ നിർമിക്കുന്ന ബഹുനില വാഹന പാർക്കിങ് കോംപ്ളക്സുകളെയും റെയിൽവേ പ്ളാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് ആകാശലോബി വിഭാവനംചെയ്തിട്ടുള്ളത്. തറനിരപ്പിൽനിന്ന് എട്ടുമീറ്റർ ഉയരത്തിലാണിത് നിർമിക്കുക.

നിലവിലുള്ള നാല് ട്രാക്കിനും ഭാവിയിൽ വന്നേക്കാമെന്ന് റെയിൽവേ വിഭാവനംചെയ്യുന്ന രണ്ട് ട്രാക്കിനുമുൾപ്പെടെ കണക്കാക്കിയാണ് ഈ ആകാശലോബി നിർമിക്കുന്നത്. പ്ളാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതിനും കയറുന്നതിനും ചവിട്ടുപടികൾക്കുപുറമെ എസ്കലേറ്ററുകളും ലിഫ്റ്റും ഈ ലോബിയിൽനിന്നുതന്നെയാണ് നിർമിക്കുക. പ്ളാറ്റ്ഫോമിന്റെ മധ്യഭാഗത്തുകൂടിയാണ് ലോബി നിർമിക്കുക. വടക്ക്-തെക്ക് വശങ്ങളിൽ വേറെ ആകാശനടപ്പാത നിർമിക്കാനും പദ്ധതിയുണ്ട്.

സംസ്ഥാനത്ത് നിലവിൽ ഒരു റെയിൽവേ സ്റ്റേഷനിലും ആകാശലോബിയില്ല. എന്നാൽ, കോഴിക്കോടുൾപ്പെടെ എട്ട് സ്റ്റേഷനുകളിൽ ഇത്തരം ലോബി നിർമിക്കാൻ പദ്ധതിയുണ്ട്. കൂട്ടത്തിൽ ഏറ്റവുംവീതിയേറിയത് കോഴിക്കോട്ടേതാവും.

രാജ്യത്തെ ഏറ്റവും വീതിയേറിയ ആകാശലോബി വരുന്നത് ജയ്‌പൂരിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനിലാണ് -72 മീറ്റർ.

644 കാറും 2266 ബൈക്കും നിർത്താൻ സൗകര്യം

പുതുക്കിനിർമിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കെട്ടിടത്തോടുചേർന്ന് നിർമിക്കുന്ന ബഹുനില വാഹന പാർക്കിങ് കോംപ്ളക്സിലും ഗ്രൗണ്ടിലുമായി ഒരുങ്ങുന്നത് 644 കാറും 2266 ഇരുചക്രവാഹനവും നിർത്താനുള്ള സൗകര്യം.

കിഴക്കുഭാഗത്തെ ബഹുനില പാർക്കിങ് കോംപ്ളക്സിൽ 172 കാറും 648 ഇരുചക്രവാഹനവും പടിഞ്ഞാറുഭാഗത്തെ ബഹുനില വാഹനപാർക്കിങ് കോംപ്ളക്സിൽ 252 കാറും 558 ഇരുചക്രവാഹനവും നിർത്താൻ സൗകര്യമുണ്ടാകും. ഇതിനുപുറമെ മൂന്ന് ഗ്രൗണ്ട് പാർക്കിങ്ങും ഒരുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് വഴി മംഗലാപുരത്തേക്ക് ഇന്‍റർസിറ്റി; റെയിൽവേ മന്ത്രിയ്ക്ക് മുന്നിൽ ആവശ്യം

കൊച്ചി: മലബാർ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ കോയമ്പത്തൂർ – മംഗലാപുരം റൂട്ടിൽ ഇന്‍റർസിറ്റി അനുവദിക്കണമെന്ന് ആവശ്യം.…

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് കണ്ണൂരിൽ ഒരാൾ മരിച്ചു

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാറ്റ്ഫോമിനും റെയിൽവേ ട്രാക്കിനും ഇടയിൽ പെട്ടാണ് മരണം സംഭവിച്ചത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ:ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച…

കേരളത്തോട് ചിറ്റമ്മ നയമോ? തിരഞ്ഞെടുപ്പിന് ഇനി 6 നാൾ മാത്രം; സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കാതെ റെയിൽവേ

കോട്ടയം:റെയിൽവേ അറിഞ്ഞോ? 26ന് കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പാണ്. പിന്നാലെ ശനി, ഞായർ ദിവസങ്ങൾ കൂടി എത്തുന്നതോടെ…