പരപ്പനങ്ങാടി: സ്‌കൂൾ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർന്ന വിഷയത്തിൽ സർക്കാറിന്റെ ഉദാസീന നിലപാട് പ്രതിഷേധാർഹമാണെന്ന് എം.എസ്.എം സംസ്ഥാന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ പരീക്ഷകളുടെ സമയത്തും ചോദ്യപേപ്പറുകൾ ചോരുകയും കുറ്റവാളികൾക്കെതിരിൽ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഇതുവരെയും യാതൊരു നടപടിയും കണ്ടിട്ടില്ല. സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്ന് കീഴിൽ നടക്കുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ തലേ ദിവസം യൂട്യൂബ് ചാനലുകളിലും ട്യൂഷൻ സെന്ററുകളിലും ലഭ്യമാവുക എന്നത് വളരെ വലിയ ഗൗരവത്തിൽ അന്വേഷിക്കേണ്ടതുണ്ടെന്നും പരപ്പനങ്ങാടി QRF-ൽ വെച്ച് നടന്ന ദ്വിദിന എം.എസ്.എം സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ അടുത്ത മൂന്ന് മാസകാലയളവിലേക്കുള്ള പരിപാടികളുടെ ആസൂത്രണം നടത്തി. യോഗം കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട ഉദ്‌ഘാടനം ചെയ്‌തു. എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ജസീൻ നജീബ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫഹീം പുളിക്കൽ, സംസ്ഥാന ട്രഷറർ ഷഹീം പാറന്നൂർ, അഡ്വ. നജാദ് കൊടിയത്തൂർ, നദീർ കടവത്തൂർ, സവാദ് പൂനൂർ,
സൽമാൻ ഫാറൂഖി, ഹാമിദ് സനീൻ, ഫഹീം ആലുക്കൽ, ജംഷാദ് എടക്കര, സുഹൈൽ അരീക്കോട്, മഷ്ഹൂദ്, യഹ്‌യ മലോറം, സി പി സമദ്, ഇജാസ്, നുഹ്മാൻ ഷിബിലി തുടങ്ങിയവർ സംബന്ധിച്ചു.